സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമനിധി അംഗങ്ങൾക്ക് ഓണം ബോണസ്, ചികിത്സ ധനസഹായം, സൗജന്യ യൂണീഫോം, അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠന സ്‌കോളർഷിപ്പ്, വിദ്യാഭ്യാസ അവാർഡ്, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ജോലിയിൽനിന്നും വിരമിച്ച അംഗങ്ങൾക്ക് പെൻഷൻ, ആശ്രിതർക്ക് മരണാനന്തര ധനസഹായം തുടങ്ങിയവ ബോർഡ് നടപ്പിലാക്കുന്നുണ്ട്.
യോഗത്തിൽ കൽപ്പറ്റ നഗരസഭ കൗൺസിലർ അജി ബഷീർ അധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി. സന്തോഷ് കുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ബി വിനോദ്, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.