തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന പുസ്തകം തയ്യാറാക്കിയത്.
രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കും ഹരിതചട്ടപാലനം സംബന്ധിച്ച സംശങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രചാരണത്തിനുള്ള കൊടി തോരണങ്ങൾ എങ്ങനെ നിർമിക്കാം, കുപ്പിവെള്ളത്തിന് പകരമെന്ത്, പ്രചാരണവാഹനത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം, സ്വീകരണ പരിപാടികളിൽ ഓർക്കേണ്ടത്, പ്രചാരണത്തിനിടയിലെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചെയ്യേണ്ടത് തുടങ്ങി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പുസ്തകത്തിൽ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ടതും ഉപയോഗിക്കാവുന്നതുമായ വസ്തുക്കളുടെ പട്ടികയും പുസ്തകത്തിലുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സഹായിക്കാനാവുമെന്നും പുസ്തകം വിശദീകരിക്കുന്നു. ചുവരെഴുത്തിനൊപ്പം ഫോട്ടോകളുടെ ഫ്‌ളക്‌സ് വയ്ക്കുന്നത് ഒഴിവാക്കണം, ആർച്ചുകളിൽ തെർമോകോൾ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അജയകുമാർ വർമ, ഹരിതകേരളം മിഷൻ കൺസൾട്ടന്റുമാരായ അബ്രഹാം കോശി, ടി. പി. സുധാകരൻ, പി. ആർ. ഒ മനോജ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.