നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF) ഭാഗമായി നൽകുന്ന നിയമസഭാ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ അർഹനായി. മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവുമാണ് അവാർഡ്.
ജനുവരി 7ന് രാവിലെ 11ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമർപ്പിക്കും. എൻ.ഇ. സുധീർ, പ്രിയ എ. നായർ, നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ആധുനിക മലയാള സാഹിത്യത്തെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എൻ. എസ്. മാധവന്റെ രചനാശൈലി സമാനതകളില്ലാത്തതാണെന്ന് ജൂറി വിലയിരുത്തി. ജനുവരി 7 മുതൽ 13 വരെയാണ് നാലാമത് നിയമസഭാ പുസ്തകോത്സവം നടക്കുന്നത്.
