ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഓരോ മണ്ഡലത്തിലും ചെലവാക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ നിരീക്ഷിക്കാന്‍ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ ചെലവു നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് ഉപയോഗിക്കുന്ന വിവിധ സാധന സേവനങ്ങളുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തണം. ഇതിനായി 90ഓളം ഇനങ്ങളുടെ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രചാരണ പരിപാടികള്‍ നടക്കുന്ന വേദികള്‍ തണുപ്പിക്കണമെങ്കില്‍ ചെറിയ കൂളറിന് 500 രൂപയും വലുതിന് 1000 രൂപയും ചിലവ് കണക്കാക്കും. തോരണങ്ങള്‍ തൂക്കി ചന്തം കൂട്ടിയാല്‍ ഒരടി നീളത്തിന് നാലു രൂപ വച്ച് കണക്കാക്കും. തുണിയിലുള്ള ബോര്‍ഡിന് ഒരടിക്ക് 30 രൂപയും മരത്തിന്റെ ഫ്രെയ്മുള്ളതിന് ഒരടിക്ക് 40 രൂപയും ചെലവ് കണക്കാക്കും. മരം കൊണ്ടുള്ള കട്ട് ഔട്ടിന് ഒരടിക്ക് 110 രൂപയും തുണിയിലുള്ള പതാകകള്‍ക്ക് ഒരടിക്ക് 22 രൂപയുമാണ് നിരക്ക്. ചെറിയ ഗെയ്റ്റുകള്‍ക്ക് 3000 രൂപ, ഓഡിയോ ഗാനങ്ങള്‍ക്ക് ഒരാള്‍ പാടുന്നതിന് 5000 വും രണ്ടാള് പാടുന്നതിന് 10000 രൂപയും ചെലവ് കണക്കാക്കും. ചെണ്ട മേളത്തോടെ പ്രചാരണം കൊഴുപ്പിക്കുന്നുവെങ്കില് ബാന്‍ഡ് മേളത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് 500 രൂപയും ചെണ്ട മേളത്തിന് ഒരാള്‍ക്ക് 500 രൂപ വീതവും കണക്കാക്കും. ട്യൂബ് ലൈറ്റ് 10, ഹാലജന്‍ ലൈറ്റ് 200, എല്‍ ഇ ഡി ടി.വി 250, വീഡിയോ വാള് ചെറുത് ( 8ഃ6) ദിവസത്തിന് 6000 രൂപയും വലുതിന് 9000 രൂപയും ചിലവ് കണക്കാക്കും. ജനറേറ്റര്‍ 15 കെ.വി ക്ക് 3000. ഓഡിറ്റോറിയത്തിന് നഗരപ്രദേശങ്ങളില്‍ 500 ആളുകളെ ഉള്‍കൊള്ളുന്നതിന് 10000 രൂപയും പഞ്ചായത്തുകളില്‍ 5000 രൂപയുമാണ് നിരക്ക്.
നേതാക്കളയോ സ്ഥാനാര്ത്ഥികളയോ കാര്‍പ്പറ്റ് വിരിച്ച് ആനയിക്കണമെങ്കില്‍ സ്ക്വയര്‍ ഫീറ്റിന് 5 രൂപ വീതം ചെലവു കണക്കാക്കും. താല്‍ക്കാലിക തെരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്തുകള്‍ക്ക് 1000 രൂപയും പെഡസ്റ്റല്‍ ഫാന്‍ ദിവസത്തിന് 200 രൂപ, എ സി റൂമുകള്‍ക്ക് ദിവസത്തിന് 1000 രൂപയും നോണ്‍ എ സി റൂമുകള്‍ക്ക് 600 രൂപയുമാണ് നിരക്ക്. ഹോര്‍ഡിങ്ങ്സ് ഒരടിക്ക് 110 രൂപയും ഏഴു പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 2000 രൂപയും 15 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 4000 രൂപയും വലിയ സ്റ്റേജിന് 7500 രൂപയും വാഹനമാണ് സ്റ്റേജ് ആയി ഉപയോഗിക്കുന്നതെങ്കില്‍ 5000 രൂപയുമാണ് നിരക്ക്. മുത്തുക്കുട ഒന്നിന് 150, നെറ്റിപ്പട്ടം 1500 നിരക്ക്.
വിവിധ തരത്തിലുള്ള പോസ്റ്ററുകളുടെ വില നിശ്ചയിച്ചിട്ടുണ്ട്. ബസിന് ഒരു ദിവസം 6000 രൂപയും കാര്‍, ജീപ്പ് എന്നിവയ്ക്ക് 2000 രൂപയും ടെമ്പോ, ട്രക്ക് എന്നിവയ്ക്ക് 3000 രൂപയുമാണ് നിരക്ക്. വെബ് സൈറ്റ് ഹോസ്റ്റിങ് ചാര്‍ജ് 1000 രൂപയും ഡിസൈന്‍ ചാര്‍ജ് പേജിന് 500 രൂപയുമാണ്. ഉച്ചഭക്ഷണം (മീല്‍സ്) ഒരാള്‍ക്ക് 50, ബിരിയാണി (വെജ് ) 75 രൂപയും നോണ്‍ വെജിന് 130 രൂപയുമാണ് നിരക്ക്. ഈ ചെലവുകള്‍ എല്ലാ ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പരാമവധി തുക 70 ലക്ഷം രൂപ മാത്രമാണ്.
