കൊച്ചി: പറവൂർ ഉപജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ കുത്തൊഴുക്ക്. പുതുതായി പ്രവേശനം നേടുന്ന കുട്ടികളിൽ ഭൂരിഭാഗവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ്. സർക്കാർ ഒരുക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികൾ, സ്കൂളുകളുടെ അക്കാദമിക മികവ്, അധ്യാപകർക്ക് ലഭിക്കുന്ന മികച്ച പരിശീലനങ്ങൾ, വിവിധ മത്സര ഇനങ്ങളിലും പഠന നിലവാരത്തിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഉയർച്ച തുടങ്ങിയവയെല്ലാം പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് രക്ഷിതാക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ഒന്ന് മുതൽ ഏഴ് വരെ സർക്കാർ സ്കൂളുകളിൽ 2435 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 4646 കുട്ടികളുമാണ് ഉപജില്ലയിൽ ആകെയുള്ളത്. ഇതിൽ 778 കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള പുതിയ അഡ്മിഷനുകളാണ്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ നൂറിൽ കൂടുതൽ കുട്ടികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എത്തിയിട്ടുള്ളത്. കെടാമംഗലം ജി.എൽ.പി.എസ് സ്കൂളിലാണ് (സർക്കാർ സ്കൂളുകളുടെ വിഭാഗത്തിൽ) ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്. 50 പേർ.
പറവൂർ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിലായി 575 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയിരിക്കുന്നത്. ഇതിൽ 450 കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ളവരാണ്. ഇവരിൽ 155 കുട്ടികൾ അഞ്ചാം ക്ലാസിൽ മാത്രം പ്രവേശനം നേടിയവർ. അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും പറവൂർ എസ്.എൻ.വി സംസ്കൃത ഹയർ സെക്കന്ററി സ്കൂളിലേക്ക് 100 കുട്ടികളും സെന്റ്. അലോഷ്യസ് സ്കൂളിലേക്ക് 70 കുട്ടികളും പ്രവേശനം നേടി.
പൊതു വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളും സൗകര്യങ്ങളും നേരിട്ടറിഞ്ഞ് ഈ മേഖല തെരഞ്ഞെടുത്തവരാണ് എല്ലാ രക്ഷിതാക്കളുമെന്ന് പറവൂർ എ.ഇ.ഒ ലത എ.എൻ പറഞ്ഞു.