പിറവം: സുമനസ്സുകൾക്കും ജില്ലാ കളക്ടർക്കും നന്ദി. സ്മിത റെനിയും നാല് കുട്ടികളും തങ്ങളുടെ സൗകര്യങ്ങൾ നിറഞ്ഞ സ്വന്തം വീട്ടിൽ പുതു ജീവിതം ആരംഭിക്കും. അമ്മയുടെ സുഹൃത്തിന്റെ ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരി സ്മിന സി.എസിനും അനിയത്തിമാർക്കും പുതിയ വീടിന്റെ താക്കോൽ നൽകി നന്നായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള യാത്രയായത്.

ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്ന് പിറവം കോട്ടപ്പുറത്തെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന സമയത്താണ് സ്മിത റെനിയ്ക്കും നാല് കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്ന സുഹൃത്തിൽ നിന്നും കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇവരുടെ ദുരിതം അറിഞ്ഞ പൊതുപ്രവർത്തകരും സുമനസുകളും സഹായ ഹസ്തവുമായി എത്തുകയായിരുന്നു. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ എൻ.സി.സി അധ്യാപകൻ പി.പി. ബാബു, അന്നത്തെ രാമമംഗലം സബ് ഇൻസ്പെക്ടർ എൻ.ബി. എബി, പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളുടെയും അമ്മയുടെയും പുനരധിവാസത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.

നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള വീടിനായുള്ള ശ്രമത്തിൽ നിരവധിപേർ ഉദാരമായി സംഭാവന നൽകി. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തെ തുടർന്ന് തുടർ സഹായം എത്തിക്കുന്നതിൽ തടസം നേരിട്ട സമയത്താണ് ഇവരെ സഹായിക്കാൻ ജില്ലാ കളക്ടർ എത്തുന്നത്.പൂർത്തിയാകാത്ത വീടിന്റെ നിർമ്മാണം കളക്ടറുടെ നിർദേശത്തെ തുടർന്ന് ഡി.പി വേൾഡ് അവരുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. നിർമ്മാണ പ്രവർത്തികൾ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി എന്ന അന്താരാഷ്ട്ര എൻ.ജി.ഒയാണ് പൂർത്തിയാക്കിയത്. 750 സ്ക്വയർ ഫീറ്റിലാണ് മൂന്ന് മുറികളോട് കൂടി ഉന്നത ഗുണനിലവാരത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ചത്.

രാവിലെ 10.30 ന് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ കളക്ടർ വീടിന്റെ താക്കോൽ അമ്മയ്ക്കും കുട്ടികൾക്കും കൈമാറി. ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ ദീപ എം.എസ്, ഡി.പി വേൾഡ് പ്രതിനിധികളായ ഗിരീഷ് സി. മേനോൻ, സുധീർ കുമാർ, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി പ്രതിനിധി പ്രവീൺ പോൾ, പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം തുടങ്ങിയവർ പങ്കെടുത്തു.