കാക്കനാട്: അതിഥി തൊഴിലാളികൾക്ക് മതിയായ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മേഖലാ ഡപ്യൂട്ടി ലേബർ കമ്മീഷണർ കെ.ശ്രീലാൽ നിർദ്ദേശിച്ചു.മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ അതിഥി തൊഴിലാളികളുടെ കൂലിത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് കൂലി നിശ്ചയിച്ച് ഫ്ലക്സ് ബോർഡുകൾ വച്ചത് അംഗീകരിക്കാനാവില്ല. സർക്കാർ നിലപാടുകൾക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം തൊഴിലാളികളെ മറയാക്കി ഇടനിലക്കാർ മുതലെടുക്കുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും യോഗത്തിൽ പങ്കെടുത്ത കരാറുകാരുടെ പ്രതിനിധികൾ പറഞ്ഞു. തോന്നിയ രീതിയിൽ കൂലി ഈടാക്കുന്നത് തടയാൻ കൂലി ഏകീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് മന്ത്രി, ലേബർ കമ്മീഷണർ തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരമാണ് യോഗം വിളിച്ച് ചേർത്തത്. യോഗത്തിൽ പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്സൺ സതി ജയ കൃഷ്ണൻ, ആർ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിലെ പോലീസുദ്യോഗസ്ഥർ, തൊഴിൽ വകുപ്പുദ്യോഗസ്ഥർ, കാരാറുകാർ തുടങ്ങിയവർ സംബന്ധിച്ചു

ഫോട്ടോ:മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ അതിഥി തൊഴിലാളികളുടെ കൂലിത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധന പ്രശ്നം ചർച്ച ചെയ്യാൻ കാക്കനാട് റസ്റ്റ് ഹൗസിൽ മേഖലാ ഡപ്യൂട്ടി ലേബർ കമ്മീഷണർ കെ.ശ്രീലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം