കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി സംസ്ഥാന തലത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നിയമ പ്രശ്നോത്തരിയിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളിൽ നിയമാവബോധം വളർത്തുന്നതിനായുള്ള നിയമപാഠം പുസ്തകത്തെ ആസ്പദമാക്കി സംസ്ഥാന തലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ജില്ലയെ പ്രതിനിധീകരിച്ച് അരീക്കോട് സുല്ലമുസ്സലാം ഹയർസെക്കൻഡറി സ്കൂളിലെ ലിബ നസ്മിൻ, ഹിബ്ബാൻ, മുഹമ്മദ് അഷ്മിൽ എന്നിവർ പങ്കെടുത്തു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെൽസ മെമ്പർ സെക്രട്ടറി അനിൽ ഭാസ്കറിന്റെ സാന്നിധ്യത്തിൽ കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ഇൻചാർജ്ജ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. മത്സരത്തിൽ എറണാകുളം, കോട്ടയം ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. 2025 വർഷത്തെ നിയമ സേവന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയ്ക്കായിരുന്നു.
