മുളന്തുരുത്തി: വിരലൂന്നിയാൽ വേരുപിടിക്കുമെന്ന് പഴമക്കാർ വിശേഷിപ്പിക്കുന്ന തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിലൊരുക്കി മുളന്തുരുത്തിയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഞാറ്റുവേല ചന്ത ഞായറാഴ്ച സമാപിക്കും.

മുളന്തുരുത്തി ഗ്രാമപഞ്ചാത്തിന്റെയും കൃഷിഭവന്റെയും കാർഷിക കർമ്മസേനയുടെയും സംയുകത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചന്തയിൽ വിവിധ കാർഷിക ഉപകരണങ്ങളുടെയും  ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ, കാർഷിക സൊസൈറ്റികൾ, കൃഷിവകുപ്പ്, വിവിധ സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ വ്യത്യസ്ത സ്റ്റാളുകൾ വിവിധ ഉത്പന്നങ്ങളാൽ ശ്രെദ്ധേയമാണ്. കൃഷി വകുപ്പിന്റെ സ്റ്റാളിൽ ഹൈബ്രിഡ്‌ പച്ചക്കറി തൈകൾ മൂന്ന് രൂപ നിരക്കിൽ ലഭ്യമാണ്. പത്ത് രൂപ നിരക്കിൽ ഗ്രോ ബാഗുകളും, 20 രൂപ നിരക്കിൽ അത്യുത്പാദന ശേഷിയുള്ള ഏത്തവാഴ കന്നുകളും, വിവിധ പച്ചക്കറി വിത്തുകളടങ്ങിയ പായ്ക്കറ്റും ലഭിക്കും.

ചടങ്ങിൽ അധ്യക്ഷത വഹിച്ച മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്  റെഞ്ചി കുര്യൻ കൊള്ളിനാൽ കാർഷിക മേഖലയ്ക്ക് പഞ്ചായത്ത് മുന്തിയ പ്രാധാന്യമാണ് നൽകുന്നതെന്ന് പറഞ്ഞു. ഞാറ്റുവേല ആരംഭിക്കുന്ന ദിവസം തന്നെ കൃഷിയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുവാനും കൃഷിക്കാവശ്യമായവ ലഭ്യമാക്കാനും ലാക്ഷ്യമിട്ടാണ് രണ്ടാം വർഷവും ഞാറ്റുവേല ചന്ത ഒരുക്കിയിരിക്കുന്നത്. ചെറുകിട സംരംഭകരും വിവിധ കുടുംബശ്രീ, വയോജന അയൽക്കൂട്ടങ്ങൾ എന്നിവർ  കർഷകരുമായി സഹകരിച്ച് വിവിധ മുല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവേകിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ ധനസഹായത്തോടെ കാർഷിക മേഖലയെ യന്ത്രവത്കൃതമാക്കാൻ സാധിച്ചത് കർഷകർക്ക് ഏറെ ഉപകാരപ്പെട്ടു. 30 ലക്ഷം രൂപ വിലവരുന്ന പഞ്ചായത്തിന്റെ കൊയ്ത്ത് മെതി യന്ത്രവും, 16 ലക്ഷം രൂപയുടെ നടീൽ യന്ത്രവും കൃഷി വ്യാപനത്തിന് ഉപകാരപ്പെട്ടതായി പഞ്ചായത്ത് പ്രെസിഡൻറ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ഹിറ്റാച്ചി യന്ത്രം വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷക ഗ്രാമസഭകളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് കാർഷിക രംഗത്തെ വിവിധ പദ്ധതികൾക്ക് രൂപം നൽക്കുന്നത്. മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ചെങ്ങോലപാടത്ത് വിജയകരമായി നെൽകൃഷി നടത്തി ചെങ്ങോലപാടം ബ്രാൻഡ് അരി വിപണിയിലെത്തിച്ചിരുന്നു. ചെങ്ങോലപാടം ബ്രാൻഡ് ജൈവ പയറും വിപണിയിലെത്തിക്കാൻ ലൈബ്രറിക്ക് സാധിച്ചു. കാർഷിക, കാർഷികേതര ഉത്പന്നങ്ങളുമായി വിപുലമായ സ്റ്റാളാണ് ലൈബ്രറി ചന്തയിൽ ഒരുക്കിയിരിക്കുന്നത്.

ജൈവകൃഷിയിൽ പ്രാവീണ്യം നേടിയ തുപ്പംപടി അർജുനൻകുട്ടിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന മുളന്തുരുത്തി അഗ്രോ സർവീസ്‌ സൊസൈറ്റിയുടെ സ്റ്റാൾ ഏറെ ജനശ്രദ്ധ ആകർഷിച്ചു. അപൂർവ്വ ഇനം നാടൻ വിത്തിനങ്ങളും പുരാതന കാർഷിക ഉപകരണങ്ങളും സൊസൈറ്റിയുടെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള വിവിധ നഴ്സറികൾ അവരുടെ വിവിധ ഇനം തൈകളും വിത്തുകളും വിപണനത്തിനായി എത്തിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ബാലകൃഷ്ണൻ, മുളന്തുരുത്തി കൃഷി ഓഫീസർ എം. ജ്യോത്സന, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ജോസഫ് കുര്യൻ, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡൻറ് ഷാജി മാധവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുധ രാജേന്ദ്രൻ, ഇന്ദിര ധർമ്മരാജൻ, ഷൈനി സജി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സതീഷ്കുമാർ എം.ഡി, സീനിയർ കൃഷി അസിസ്റ്റന്റ് സുനിൽകുമാർ കെ.പി പഞ്ചായത്ത് സെക്രട്ടറി സി.എസ് ശോശാമ്മ എന്നിവർ പ്രസംഗിച്ചു.

ക്യാപ്ഷൻ

മുളന്തുരുത്തി പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ നിർവ്വഹിക്കുന്നു.