പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാനും തുടര്‍ പരിശ്രമങ്ങള്‍ക്ക് പര്യാപ്തമാക്കാനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിന് ആരംഭിക്കുന്നു. മാര്‍ക്ക് കുറയുന്നതും മുഴുവന്‍ മാര്‍ക്ക് ലഭിക്കാത്തതും തങ്ങളുടെ കഴിവുകേടായി കണ്ട് വിദ്യാര്‍ഥികളില്‍ വ്യാപകമായ മാനസിക പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ഇതിനായി കൗണ്‍സലിംഗ് വിദഗ്ധരുമായി ചേര്‍ന്ന് പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യും. ജൂലൈ ആദ്യവാരം ഇതിനായി ശില്‍പ്പശാല സംഘടിപ്പിക്കും. ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ സേവനം തേടാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ രംഗത്ത് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റ വിജയം കൈവരിക്കാന്‍ പൊതുവിദ്യാലയങ്ങളെ സഹായിച്ചതായി യോഗം വിലയിരുത്തി. 126 വിദ്യാലയങ്ങള്‍ കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ നൂറുമേനി വിജയം നേടി. ഈ അധ്യയനവര്‍ഷം ഇത് 200 ആക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ അവരവരുടെ ഡിവിഷനിലെ സ്കൂളുകളില്‍ പരിശോധന നടത്താനും യോഗം നിര്‍ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതിയുണ്ടെങ്കില്‍ അവ ജൂണ്‍ 29 ന് മുമ്പ് സമര്‍പ്പിക്കണം. മുന്‍കൂട്ടി തയ്യാറാക്കുന്ന സമയക്രമമനുസരിച്ച് പദ്ധതികളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍, വി കെ സുരേഷ്ബാബു, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
