എടയ്ക്കാട്ടുവയൽ: സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ മുളന്തുരുത്തി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.
എടയ്ക്കാട്ടുവയൽ ഫാർമേഷ്സ് ഹാളിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജില്ലാ പഞ്ചായത്തംഗം എ.പി സുഭാഷ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും കൃഷി ഗ്രൂപ്പുകളുടെ ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഇതോടൊപ്പം ഉണ്ടായിരുന്നു. തേൻ ഉപയോഗിച്ചുള്ള സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും കർഷകരുടെ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളും ചന്തയിൽ ശ്രദ്ധേയമായി.
കർഷകർക്ക് പുറമേ പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ തൈകളും വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്ത്, കൃഷിഭവൻ, കർഷക ഗ്രൂപ്പുകൾ, കാർഷിക കർമ്മസേന, കുടുംബശ്രീ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുവാനുള്ള ചന്ത മാസത്തിലൊരിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കുമെന്ന് കൃഷി ഓഫീസർ എം.ഡി സതീഷ് കുമാർ പറഞ്ഞു. സ്കൂൾ വെജിറ്റബിൾ ഗാർഡൻ പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സി സജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജീവ് ശ്രീധരൻ, ആശ അച്ചുതൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജൂലിയ ജെയിംസ്, ജെയിൻ .കെ പുന്നൂസ്, സാലി പീറ്റർ, പഞ്ചായത്തംഗങ്ങളായ കെ. ആർ ജയകുമാർ, ബാലു സി.എ, ഒ. ആർ ഹരിക്കുട്ടൻ, ഷീബ സുധാകരൻ, ഷീന ഷാജി, കൃഷി അസിസ്റ്റൻറ് കെ.എം സുനിൽ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ മുളന്തുരുത്തി ബ്ലോക്ക്തല ഉദ്ഘാടനം എടയ്ക്കാട്ടുവയലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ നിർവ്വഹിക്കുന്നു.