കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എബി-കെ.എ.എസ്.പി) യില്‍ ജില്ലയില്‍ ഇതുവരെ 70518 കുടുംബങ്ങളിലെ 109915 പേര്‍ അംഗത്വം നേടി. ആദ്യഘട്ട രജിസ്‌ട്രേഷനില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും 70 ശതമാനം കുടുംബ അംഗത്വ വിതരണം പൂര്‍ത്തികരിച്ചതായി ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. വിവിധ പഞ്ചായത്ത്- മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ കാര്‍ഡ് വിതരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കിയത്. 2019 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതി (സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി), ചിസ്പ്ലസ് പദ്ധതി, മറ്റ് വിവിധ ചികിത്സാപദ്ധതികള്‍ എന്നിവ സംയോജിപ്പിച്ചാണ് ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി മുഖേന അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയില്‍ അംഗമാകുന്ന കുടുംബത്തിന് പ്രതിവര്‍ഷം ലഭിക്കുന്നത്. പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്ന വിവിധ സര്‍ക്കാര്‍-സ്വകാര്യ-സഹകരണ ആശുപത്രികളിലൂടെ (മെഡിക്കല്‍ കോളേജൂകള്‍ ഉള്‍പ്പെടെ ) ആണ് ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നത്.
2019 മാര്‍ച്ച് 31 വരെ കാലാവധിയുളള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് കൈവശമുളള കുടംബങ്ങള്‍ക്കും 2011 ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുളള കുടുംബങ്ങള്‍ക്കും (പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍) ആണ് പദ്ധതിയില്‍ ചേരാനുളള അര്‍ഹതയുളളത്. പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പിന്നീട് അറിയിക്കും.
അര്‍ഹതാ കുടുംബങ്ങളിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള മുഴുവന്‍ അംഗങ്ങള്‍ക്കും ഈ പദ്ധതിയുടെ കാര്‍ഡ് എടുക്കാം. ഒരു കുടുംബത്തിലെ, പദ്ധതിയില്‍ ചേരുന്ന അംഗങ്ങളുടെ എണ്ണത്തിനോ, പ്രായത്തിനോ പരിധിയില്ല. എല്ലാ അംഗങ്ങള്‍ക്കും ഓരോ കാര്‍ഡുകളാണ് നല്‍കുന്നത്. കുടുംബത്തിലെ ഒരംഗം കാര്‍ഡ് എടുത്താല്‍ ബാക്കിയുളള അംഗങ്ങള്‍ക്ക് പിന്നീട് ഏതുസമയത്തും കാര്‍ഡ് എടുക്കാം. ഒരു കുടുബത്തിന് 50 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കേണ്ടത്. കുടുംബത്തിലെ മറ്റ് അംഗങ്ങളെ പിന്നീട് കൂട്ടിചേര്‍ക്കുന്നതിന് വേറെ പണം നല്‍കേണ്ടതില്ല.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡ് വിതരണകേന്ദ്രത്തില്‍ 2018-19 വര്‍ഷം കാലാവധിയുളള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, പ്രധാനമന്ത്രിയുടെ കത്ത്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നീ രേഖകളുമായി നേരിട്ട് ഹാജരാകണം. പഞ്ചായത്ത,് മുനിസിപ്പല്‍ കാര്‍ഡ് വിതരണകേന്ദ്രങ്ങളറിയാന്‍ അതത് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 200 2530 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.