നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് കൈത്താങ്ങാവാൻ ‘സ്പോൺസർ എ ചൈൽഡ് ‘ പദ്ധതിയുമായി വയനാട് ജില്ലാ ശിശുക്ഷേമ സമിതി. വിവിധ വിഷമതകളാൽ ദുരിതം അനുഭവിക്കുന്ന 17 വയസ്സുവരെ പ്രായമുള്ള കുട്ടികളെ സഹായിക്കുകയാണ് ‘സ്പോൺസർ എ ചൈൽഡ് ‘ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. സമിതി തിരഞ്ഞെടുക്കുന്ന 17 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു നിശ്ചിത തുക മാസം തോറും നൽകണം. കുട്ടികളുടേയും രക്ഷിതാക്കളുടേയും പേരിൽ ആരംഭിക്കുന്ന സ്പോൺസർ എ ചൈൽഡ് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകേണ്ടത്. ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും സ്പോൺസർമാർ പദ്ധതിയുടെ ഭാഗമാകണം.
ശിശുക്ഷേമ സമിതി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പഠനം, ഭക്ഷണം, ചികിത്സാസഹായം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി എത്രരൂപ ധനസഹായം ചെയ്യണമെന്ന് സ്പോൺസർമാർക്ക് തീരുമാനിക്കാം. പദ്ധതിയുമായി സഹകരിക്കാൻ തൽപരരായ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ ശിശുക്ഷേമ സമിതിയിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട വിലാസം – സ്പോൺസർ എ ചൈൽഡ്, സെക്രട്ടറി, ശിശുക്ഷേമ സമിതി ജവഹർ ബാലവികാസ് ഭവൻ,
മീനങ്ങാടി പിഒ, ഫോൺ – 9961285545, 9847848567. എസ്എംഎസ്, ഇമെയിൽ വഴിയും രജിസ്റ്റർ ചെയ്യാം. ഇമെയിൽ വിലാസം – dccwwayanad@gmail.com
രക്ഷിതാക്കൾ പോറ്റിവളർത്താൻ പ്രയാസപ്പെട്ടുന്നതും രക്ഷിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതുമായ നിരവധി കുട്ടികൾ ജില്ലയിലുണ്ട്. വിഷമതകൾ അനുഭവിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സഹായം ആവശ്യപ്പെട്ടുകൊണ്ട് ശിശുക്ഷേമ സമിതിയെ നിരന്തരം സമീപിക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ സ്വന്തം വീട്ടിൽ കഴിയാതെ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾ, പോസ്‌കോ കേസ് പ്രകാരമുള്ള ഇരകൾ, മാരകരോഗബാധിതരായ രക്ഷിതാക്കളുടെ കുട്ടികൾ തുടങ്ങിയവരുമുണ്ട് ഈക്കൂട്ടത്തിൽ. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ മാതൃകാപരമായ ഇടപെടൽ.