സംസ്ഥാനത്ത് 70 സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ഭവന സമുച്ചയത്തില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പാലക്കാട് ജില്ലയില്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പാര്‍പ്പിട പദ്ധതി പ്രകാരം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 101 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ജില്ലയില്‍ 100 ലധികം വീടുകളുടെ നിര്‍മാണം മാതൃകാപരവും അഭിനന്ദനാര്‍ഹവുമായ രീതിയില്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജീവനക്കാരെയും ഇവിടുത്തെ ഗുണഭോക്താക്കളെയും മന്ത്രി അഭിനന്ദിച്ചു. രണ്ടാം വാര്‍ഡിലെ കുഞ്ഞമ്മ പുല്ലാനിക്കല്‍, തങ്കരാജന് ആനക്കരണം കോളനി, മരിയ ചീരത്തടത്തില്‍ എന്നിവര്‍ക്ക് പരിപാടിയില്‍ മന്ത്രി വീടുകളുടെ താക്കോല്‍ കൈമാറി. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി 190 വീടുകളാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്നത്. ഇതുവരെ 108 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മറ്റ് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതുവരെ 5,47,69,104 രൂപ പദ്ധതിക്കായി വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ശുചിത്വഗ്രാമം പദ്ധതിയുടെ ഭാഗമായി അജൈവമാലിന്യങ്ങള്‍ (പ്ലാസ്റ്റിക്) സംഭരിക്കുന്നതിനായി നിര്‍മിച്ച സംഭരണകേന്ദ്രത്തിന്റെ (എം.സി.എഫ്.സി) ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മാലിന്യ റിസോര്‍സ് റീസൈക്ലിംഗ് യൂണിറ്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നും 11.5 ലക്ഷം വിനിയോഗിച്ച് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് എം.സി.എഫ്.സി (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍) സജ്ജമാക്കിയിരിക്കുന്നത്.
പരിപാടിയില്‍ കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. നാരായണന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അച്യുതന്, സീമ, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്, ലൈഫ് മിഷന് ജില്ലാ കോഡിനേറ്റര്‍ അനീഷ്, ജില്ലാ ശുചിത്വമിഷന് കോഡിനേറ്റര്‍ ബെനില ബ്രൂണോ, ഡി.ഡി.പി എം.രാമന്‍കുട്ടി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. പഞ്ചായത്ത് നടപ്പാക്കുന്ന ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് കോങ്ങാട് നിയോജക മണ്ഡലത്തില്‍ മികച്ച വിജയം കൈവരിച്ച പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പരിപാടിയില്‍ മന്ത്രി എ.സി.മൊയ്തീന് ആദരിച്ചു.
