കോട്ടയം: കാലവർഷം ശക്തമായതോടെ കോട്ടയം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിൻറെയും ആയുർവേദ, ഹോമിയോ വിഭാഗങ്ങളുടെയും സേവനം എല്ലാ ദിവസവും ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ക്യാമ്പുകളിൽ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം. പൊതുസ്ഥലങ്ങളിലും വീടുകളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകൾ വളരുന്ന സാഹചര്യം ഒഴിവാക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും കൂത്താടി നശീകരണപ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടപ്പാക്കാനും ഉപേക്ഷിച്ച ടാർവീപ്പകളിൽ കൂത്താടി വളരുന്ന സാഹചര്യം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.എലിപ്പനി ഉൾപ്പെടെയുള്ള ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക പ്രചാരണ പരിപാടികൾ നടത്തും.

എലികളെ നശിപ്പിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും.വായുവിലൂടെ പകരുന്ന രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടത്തുന്ന തൂവാല വെറുമൊരു തുണിയല്ല എന്ന പേരിലുള്ള പ്രചാരണ പരിപാടി വ്യാപകമാക്കാനും യോഗം തീരുമാനിച്ചു.