ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരിൽ അഞ്ചു വർഷത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചിരിക്കുന്നത്. മരിച്ച വ്യക്തിയുടെ മാതാപിതാക്കളുടെ പേരിൽ അഞ്ച് ലക്ഷവും മക്കളുടെ പേരിൽ അഞ്ച് ലക്ഷവും ഭാര്യയുടെ പേരിൽ പത്തു ലക്ഷവുമാണ് നിക്ഷേപിച്ചത്. അവിവാഹിതരായ സഹോദരിമാരുണ്ടെങ്കിൽ അവരുടെ പേരിൽ രണ്ടര ലക്ഷം രൂപയും നിക്ഷേപിക്കും.
അഞ്ച് വർഷത്തിനുള്ളിൽ സഹോദരിയുടെ വിവാഹം നടക്കുകയാണെങ്കിൽ ആവശ്യമായ രേഖകൾ ട്രഷറി ഓഫീസർക്ക് മുന്നിൽ ഹാജരാക്കി തുക പിൻവലിക്കാം. മാതാപിതാക്കൾക്ക് അവരുടെ വിഹിതവും വിവാഹിതയാവുന്ന പെൺകുട്ടിക്ക് നൽകാനാവും. നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശ എല്ലാമാസവും ഇവർക്ക് ലഭിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ടു ലക്ഷം രൂപയ്ക്കുള്ള ചെക്കാണ് കുടുംബാംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് റവന്യു വകുപ്പിൽ നിന്ന് പതിനായിരം രൂപ നേരത്തെ അടിയന്തര സഹായം നൽകിയിരുന്നു.
