കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മേറ്റുമാർക്ക് പരിശീലനം നൽകി. 2019-20 സാമ്പത്തീക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായാണ് തൊഴിലുറപ്പ് പദ്ധതി മേറ്റ്മാര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആൽബർട്ട് ഉദ്ഘാടനം ചെയ്തു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി , മുളവുകാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നൂറോളം മേറ്റുമാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. മെറ്റീരിയല്‍ വര്‍ക്കുകളുടെ നടത്തിപ്പ്, വിവിധ പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ പരിശീലനപരിപാടിയിൽ വിശദീകരിച്ചു.

എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ പരിശീലനത്തിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഒ. ശ്രീകല , ജോയിൻറ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എം.എസ്. വിജയ , വനിതാ ക്ഷേമ ഓഫീസർ പി.അനില തുടങ്ങിയവർ പങ്കെടുത്തു.