മത്സ്യഫെഡിന്റെ തീരത്തു നിന്നും മാർക്കറ്റിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് മൂന്നാമത്തെ ഹൈ-ടെക് മത്സ്യവില്പനശാലയ്ക്ക് ആനയറ വേൾഡ് മാർക്കറ്റിൽ തുടക്കമാകുന്നു. മത്സ്യവിൽപന കേന്ദ്രത്തിന്റെയും ഫിഷ് മാർട്ടിന്റെയും ഉദ്ഘാടനം 29ന് വൈകിട്ട് മൂന്നിന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും തലസ്ഥാനത്തെ രണ്ടാമത് മൊബൈൽ ഫിഷ്മാർട്ട് അന്തിപ്പച്ചയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും.
ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മേയർ വി.കെ.പ്രശാന്ത്, ഡോ.ശശിതരൂർ എം.പി. തുടങ്ങിയവർ സംബന്ധിക്കും. പച്ചമത്സ്യത്തിനു പുറമെ, മത്സ്യ അച്ചാറുകൾ, മത്സ്യ കട്ലറ്റ്, റെഡി റ്റു ഈറ്റ് (ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി), റെഡി റ്റു കുക്ക് വിഭവങ്ങൾ (മത്സ്യകറിക്കൂട്ടുകൾ, ഫ്രൈമസാല), കൈറ്റോൺ ഗുളികകളും ഫിഷ് മാർട്ട് വഴി വിപണനം ചെയ്യുന്നുണ്ട്.
ഫിഷ്മാർട്ട് രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കും രണ്ടാമത്തെ മൊബൈൽ ഫിഷ്മാർട്ട് (അന്തിപച്ച) വൈകിട്ട് 3.30 ന് പുജപ്പുരയിൽ നിന്നും ആരംഭിച്ച് ജഗതി (4.30) കവടിയാർ (5.30) കുറവൻകോണം (6.30) പട്ടം (7.30) എന്നീ സ്ഥലങ്ങളിൽ നിർത്തി രാത്രി 8.30 വരെ പച്ചമത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.