വാഗമണ്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെയും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാസ്ത്രീയ പശുപരിപാലാന ത്രിദിന ക്ലാസുകള്‍ക്ക് തുടക്കമായി.
വെള്ളത്തൂവല്‍ പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ നടത്തിയ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.ആര് ബിജി ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ പശുവളര്‍ത്തലും മിസ്രകൃഷിയും ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരമേഖലക്കും നേട്ടമുണ്ടാക്കുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വ്യവസായിക അടിസ്ഥാനത്തില്‍ കറവപ്പശുപരിപാലനം, ഫാം ലൈസന്‍സിംഗ് എന്നി വിഷയങ്ങളില്‍ വാഗമണ്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ബിജു ചെമ്പരത്തി വിഷയാവതരണം നടത്തി.
ആധുനിക തൊഴുത്ത് നിര്‍മ്മാണം, യന്ത്രവത്കരണം, മാലിന്യ സംസ്കരണം, ബയോഗ്യാസ്, ശാസ്ത്രീയ തീറ്റക്രമം എന്നീ വിഷയങ്ങളില്‍ സീനിയര്‍ വെറ്റിനറി സര്ജന് ഡോ.ജോര്‍ജ്ജ് കുര്യന് ക്ലാസുകള്‍ നയിച്ചു. സൗജന്യ ത്രിദിന പരീശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ആഗസ്റ്റ് 8ന് രോഗങ്ങള്‍, രോഗ നിയന്ത്രണം, മുന്‍കരുതലുകള്‍, ശാസ്ത്രീയ കറവ, പാല് വിപണനം എന്നീ വിഷയങ്ങളില്‍ വെറ്റിനറി സര്ജന് ഡോ.കുര്യാക്കോസ് മാത്യു ക്ലാസ് എടുക്കും.
സമാപന ദിവസമായ വെള്ളിയാഴ്ച പശുവിന്റെ പ്രജനനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പ്രസവകാല പരിരക്ഷ, വന്ധ്യതാ നിയന്ത്രണം, ഫാം മാനേജ്മെന്റ്, പുല്‍കൃഷിയുടെ പ്രാധാന്യം, കാര്‍ഷിക ഉപോല്പന്നങ്ങള്, തീറ്റ ചിലവു കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വെറ്റിനറി സര്ജന് ഡോ.സുബിന് എം.എസ് ക്ലാസുകള്‍ നയിക്കും.
വെള്ളത്തൂവല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസ് ചെറിയാന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റോയ് ജോണ്‍, വെള്ളത്തൂവല്‍ മൃഗാശുപത്രി വെറ്റിനറി ഡോക്ടര്‍ തോമസ് മണവാളന്, ഡോ. ജെയ്സണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ നിരവധി ക്ഷീര കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.