പെരുമ്പാവൂർ:കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ വലിയ തോടായ പുഞ്ചക്കുഴി തോട് വീതി കൂടി ആഴം കൂട്ടുന്ന പ്രവർത്തികൾ ആരംഭിച്ചു.കാലാനുസൃതമായ പ്രവർത്തികൾ നടക്കാത്തതുമൂലം കാട്കയറി ചെളി നിറഞ്ഞ് പാടശേഖരങ്ങളിൽ വെള്ളക്കെട്ട് നിറഞ്ഞ് കൃഷി ചെയ്യാൻ പറ്റാതായ നിലയിലായിരുന്നു. തോടിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ വെള്ളം സുഗമമായി പെരിയാറിലേയ്ക്ക് ഒഴുകിയെത്തും.
നൂറ് ഏക്കറോളം ഭാഗത്തെ നെൽകൃഷി തിരികെ കൊണ്ടുവരാനാകും .ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഇടപെടലിൽ മേജർ ഇറിഗേഷൻ വകുപ്പാണ് 30 ലക്ഷം രൂപ അനുവദിച്ചത്. അഡ്വ.എൽദോസ് കുന്നപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഈ തോടിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിക്കുവാനായി നബാർഡിന് 5.37 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് , വാർഡ് മെമ്പർ സിന്ധു അരവിന്ദ് വൈസ് പ്രസിഡന്റ് മായാകൃഷ്ണകുമാർ ,സ്ഥിരം സമിതി അദ്ധ്യക്ഷൻ സാബു പാത്തിക്കൽ ,മെമ്പർ പി.ശിവൻ ,ഓവർസീയർ ശ്രീ.ബോസ് ,പി.പി.എൽദോ ,ശ്രീധരൻ പിള്ള ,സുന്ദരൻ ചെട്ടിയാർ ,വിജയൻ കോട്ടേലി ,പി ഏല്യാസ് എന്നിവർ പങ്കെടുത്തു.