* മൂല്യവർധിത ഉല്പന്നങ്ങൾ മന്ത്രി തോമസ് ഐസക് പുറത്തിറക്കി
മലയാളിയുടെ ഇഷ്ടവിഭവമായ മുളകിട്ട മീൻകറി കൂട്ട്, മീൻ അച്ചാർ, ചെമ്മീൻ ചമ്മന്തി എന്നീ രുചിഭേദങ്ങളുമായി മത്സ്യഫെഡിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലിറക്കി. മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പുതിയ ഉല്പന്നങ്ങൾ പുറത്തിറക്കി.
മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് അതിന്റെ മുഖ്യപങ്ക് മത്സ്യത്തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരായി മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാനാകണം. മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ വരുമാനം ലഭ്യമാക്കണം. ചെമ്മീനു പുറമേ കക്കയിറച്ചിയും വിപണനാടിസ്ഥാനത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. മത്സ്യമേഖലയിൽ ഗുണമേ• ഉറപ്പു വരുത്തുന്നതിനായി തുറമുഖത്ത് നിന്നും വിപണിയിലേക്കെന്ന പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളികൾ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കണം.
ഈ മേഖലയിൽ പുതിയ നിയമ നിർമാണത്തിന് സർക്കാർ ശ്രമിക്കും. മത്സ്യവില്പന നടത്തുന്ന സ്ത്രീകളുടെ ജീവിതത്തിലും മാറ്റം കൊണ്ടുവരാനാകണം. എല്ലാവർക്കും സുരക്ഷിതമായ മത്സ്യം ലഭ്യമാക്കുന്നതിനു കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വിഭാഗങ്ങളിലായാണ് പുതിയ ഉത്പന്നങ്ങൾ മത്സ്യഫെഡ് വിപണിയിലിറക്കുന്നത്. ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ അച്ചാർ, ചെമ്മീൻ റോസ്റ്റ്, അച്ചാർ എന്നിവ ഉൾപ്പെട്ട മത്സ്യഫെഡ് ഈറ്റ്സ്, അനായാസം മീൻകറി തയാറാക്കാൻ സഹായിക്കുന്ന റെഡി റ്റു കുക്ക് മുളകിട്ട മീൻകറിക്കൂട്ട്, തേങ്ങ അരച്ച മീൻകറിക്കൂട്ട്, മീൻ വറുക്കുന്നതിനുള്ള നാടൻ മസാലക്കൂട്ട് എന്നിവ ഉൾപ്പെട്ട മത്സ്യഫെഡ് ട്രീറ്റ്സ്, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്നും നേരിട്ട് സംഭരിച്ച ശേഷം കഷ്ണങ്ങളാക്കി പായ്ക്ക് ചെയ്ത മത്സ്യഫെഡ് ഫ്രഷ് എന്നിവയാണവ.
പുതിയ ഉത്പന്നങ്ങൾ മത്സ്യഫെഡ് ഫിഷ്മാർട്ടുകളിലും മൊബൈൽ ഷിഷ് മാർട്ടുകളിലും ഉടൻ ലഭ്യമാകും. ജില്ലാ തലത്തിൽ വിതരണക്കാരെ നിയമിച്ച് സൂപ്പർമാർക്കറ്റുകൾ വഴി വിപണന ശൃംഖല വികസിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേസപതി, മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ്, മത്സ്യഫെഡ് ഭരണസമിതി അംഗം ആർ. ജെറാൾഡ്, ഫ്രാൻസിസ്, സന്ധ്യ, പി. പി. സുരേന്ദ്രൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.