തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 2017-18ലെ ദീൻദയാൽ ഉപാദ്യായ സശാക്തീകരൺ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. പ്രാഥമിക തലത്തിൽ സംസ്ഥാനതല പരിശോധന സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിൽ നിന്ന് ദേശീയ തല പരിശോധനാ സംഘം ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി വിവിധ രേഖകൾ പരിശോധിച്ചു.
2017-18ൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്ത് നേടിയിട്ടുണ്ട്. കൂടാതെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള പ്രഥമ പ്രതിഭാ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന് ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ജലശ്രീ , പാഥേയം, ഗ്രീൻ മിൽക്ക് തുടങ്ങിയ പദ്ധതികൾ ഏറെ ജനപ്രിയവും ശ്രദ്ധേയവുമാണ്.
പുരസ്‌കാരം നേടാൻ ഒപ്പംനിന്ന മുഴുവൻ പഞ്ചായത്ത് അംഗങ്ങൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.