കാക്കനാട്: ജില്ലയിലെ ക്ലാസ് 3 മുതല്‍ മുകളിലേക്കുള്ള മലയാളം ടൈപ്പിംഗ് പരിശീലനം ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസം മലയാളം കമ്പ്യൂട്ടിംഗ് (മലയാളം യൂണികോഡ് ടൈപ്പിംഗ്) പരിശീലനം നല്‍കുന്നു. ഇതിനായി മലയാളം യൂണികോഡ് ടൈപ്പിംഗ് പരിശീലനം നല്‍കാന്‍ കഴിവുള്ള സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങളെ നിബന്ധനകള്‍ക്കു വിധേയമായി പരിശീലന ഏജന്‍സിയായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിശീലന മൊഡ്യൂള്‍, പരിശീലനം നല്‍കുന്നതിന് സ്ഥാപനത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഒരു വ്യക്തിക്ക് പരിശീലനം നല്‍കുന്നതിനുള്ള കുറഞ്ഞ നിരക്ക് എന്നിവ അപേക്ഷയോടൊപ്പം രേഖപ്പെടുത്തണം. സീല്‍ ചെയ്ത കവറിനു പുറത്ത് മലയാളം കന്യൂട്ടിംഗ് പരിശീലന ഏജന്‍സിക്കായുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ നോഡല്‍ ഓഫീസര്‍&ഹുസൂര്‍ ശിരസ്തദാര്‍, മലയാളം കമ്പ്യൂട്ടിംഗ് പരിശീലന പദ്ധതി, കളക്ടറേറ്റ്, എറണാകുളം എന്ന വിലാസത്തില്‍ ജനുവരി 15 നു വൈകിട്ട് 5 നു മുന്‍പ് ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അംഗീകൃത ഏജന്‍സി ജില്ല കളക്ടറുമായി കരാറില്‍ ഏര്‍പ്പെടണം.