ജില്ലയിലെ എയ്ഡ്സ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി ആദ്യ വാരം തുടങ്ങും. സംസ്ഥാനത്ത് എയ്ഡ്സ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലാണ് ജില്ലാ കലക്റ്ററുടെ നിര്‍ദേശം.
എച്ച്.ഐ.വി. ബാധിതര്‍ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്ക്കരണം ശക്തമാക്കന്‍ യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളി കാംപുകളില്‍ ഹിന്ദി ഭാഷയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. ബോധവത്ക്കരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനായാണ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി ബോധവത്ക്കരണം നടത്തുന്നത്. ബാനറുകള്‍, ചുമരെഴുത്തുകള്‍, തെരുവ് നാടകം, റോഡ് ഷോ, പത്ര-ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ എന്നിവ വഴി ബോധവത്ക്കരണം നടത്തും. 2030 ഓടെ രാജ്യത്ത് നിന്നുതന്നെ എയ്ഡ്സ് രോഗം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്.
ഡി.എം.ഒ. ഡോ: കെ.പി. റീത്ത, ഡെപ്യുട്ടി ഡി.എം.ഒ. കെ.എ. നാസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.