പൂര്‍ണ്ണമായും ശുചിത്വത്തിനും പ്രകൃതി സൗഹാര്‍ദ്ദതയ്ക്കും പ്രാധാന്യം നല്‍കിയാണ് വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രാഫ്റ്റ്മേള 2018 സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടുമുളള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെട്ട മേളയില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിയും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു മായിരിക്കും മേള നടക്കുക. ഈ മാസം 16 മുതല്‍ 30 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന ക്രാഫ്റ്റ്മേളയുടെ പരസ്യപ്രചരണത്തിനായി തുണിയും ഓലയും, പേപ്പറുകളുമാണ് ഉപയോഗിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ത്തിയിരിക്കുന്ന ബോര്‍ഡുകളും കമാനങ്ങളും തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് നിര്‍മിച്ചിരിക്കുത്. മേളയുടെ ഭാഗമായി ശുചിത്വബോധം ഉണര്‍ത്തുന്ന അനൗണ്‍സ്മെന്റുകളും ഉണ്ടായിരിക്കും. മൈതാനത്തിനുളളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി 150 ഓളം പരിസ്ഥിതി സൗഹാര്‍ദ്ദ കുട്ടകളാണ് നിര്‍മിച്ചിരിക്കുന്നതെന്ന് സാനിറ്റേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണൊ അറിയിച്ചു. തെങ്ങ്, കവുങ്ങ് , ഓല, പനമ്പ് എന്നിവ ഉപയോഗിച്ച് 100, 120, സ്‌ക്വയര്‍ഫിറ്റില്‍ പല വലുപ്പത്തില്‍ പരമ്പരാഗത കുടിലുകളുടെ മാതൃകയിലാണ് സ്റ്റാളുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ചാക്കും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ചാണ് പാലക്കാട് കോട്ടയുടെ മാതൃകയില്‍ പ്രവേശനം കവാടം സജ്ജമാക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി 20 മൊബൈല്‍ ടോയ്ലെറ്റുകളും ഒരുക്കുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലായിരിക്കും മാലിന്യങ്ങള്‍ നീക്കം ചെയ്യുക.
