കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ വിവിധ ജോലികളിൽ നിയോഗിക്കുന്നതിന് 2500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കും. തിരഞ്ഞെടുപ്പിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിയുക്തരായ നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. നോഡൽ ഓഫീസർമാരുടെ ചുമതലകൾ റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ വിശദീകരിച്ചു. മണ്ഡലത്തിലെ 135 പോളിങ് സ്റ്റേഷനിലേക്ക് നാലു വീതം പോളിങ് ഉദ്യോഗസ്ഥരെ വേണം. ഇതിന്റെ മൂന്നിരട്ടിയോളം പേരെ റിസർവ്വിലും വെക്കും. ഡൂട്ടിക്ക് നിയുക്തരായവരുടെ വിവര ശേഖരണത്തിനുള്ള ഫോം വിതരണം പൂർത്തിയായി. രണ്ടു ദിവസത്തിനകം ഇവയുടെ ഡാറ്റ എൻട്രി നടത്തും. പത്താം തീയതിയോടെ പരിശീലനവും ആരംഭിക്കും.
ഇലക്ടോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യ ഘട്ട സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ തുടങ്ങി. സെപ്റ്റംബർ 26 ന് പരിശോധന പൂർത്തിയാകും. ഇവയുടെ റാൻഡമൈസേഷനുകൾ കൂടി പൂർത്തിയാകുന്നതോടെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മഹാരാജാസ് കോളേജിലേക്ക് മാറ്റും.
മാതൃക പെരുമാറ്റച്ചട്ടം വിശദീകരിക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു ചേർക്കുമെന്നും റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ അറിയിച്ചു. വിവിധ സ്ക്വാഡുകളും ഉടൻ സജീവമാകും. തോക്ക് ലൈസൻസ് സംബന്ധിച്ച യോഗം കളക്ടറേറ്റിൽ ഉടനെ ചേരും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ പത്തിന് ആരംഭിക്കും.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രേണു, വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്ന നോഡൽ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.