കൊല്ലം: പരമാവധി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വെളിച്ചമാകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട പൂതക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒപ്പം എയിഡഡ് സ്‌കൂളുകളിലും ക്ലാസ് മുറികള്‍ ഡിജിറ്റല്‍ ആക്കാന്‍ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നുവരികയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന സൗകര്യ വികസനങ്ങളോടെ കൂടുതല്‍ ഹൈടെക് ക്ലാസ്സ് മുറികള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ് തുടങ്ങിയവയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ഒരുക്കുന്ന സംവിധാനങ്ങള്‍.
ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി ജയപ്രകാശ്, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി ജി ജയ, പി ടി എ പ്രസിഡന്റ് ജെ ശ്രീകുമാര്‍, മറ്റ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പൂതക്കുളം, കലക്കോട്, പരവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.