142 പേരില്‍ 5 പേര്‍ക്ക്  രക്തസമ്മര്‍ദ്ദവും 2 പേര്‍ക്ക് പ്രമേഹവും 

കാസർഗോഡ്:  മദ്യപാനം, പുകവലി എന്നിവയില്‍ നിന്നും താരതമ്യേന പുറം തിരിഞ്ഞു നില്‍ക്കുകയും അത്യാവശ്യ പോഷക ഘടകങ്ങളോട് കൂടിയ ഭക്ഷണക്രമം ശീലമാക്കുകയും ചെയ്ത് വരുന്ന അധ്യാപക സമൂഹത്തില്‍ ജീവിത ശൈലീ രോഗങ്ങള്‍ വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നായന്‍മാര്‍മൂല തല്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വേണ്ടി സംഘടിപ്പിച്ച ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ വിശകലനത്തില്‍ നിന്നാണ് മാതൃകാപരമായ ലളിത ജീവിതം നയിക്കുന്ന അധ്യാപക സമൂഹത്തിന് അംഗീകാരമായുള്ള സന്തോഷ വാര്‍ത്ത പുറത്ത് വന്നത്.
ക്യാമ്പില്‍ പങ്കെടുത്ത 142 അധ്യാപകരെ പരിശോധിച്ചപ്പോള്‍ 7 പേര്‍ക്ക് മാത്രമാണ് രക്തസമ്മര്‍ദ്ദവും പ്രമേഹവും  കണ്ടെത്തിയത്. അതായത് നാല് ശതമാനം മാത്രം രോഗികള്‍. ഇതില്‍ 5 പേര്‍ക്ക്  രക്തസമ്മര്‍ദ്ദവും 2 പേര്‍ക്ക് പ്രമേഹവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പില്‍ പരിശോധനക്കെത്തിയ 32 ശതമാനം കളക്ടറേറ്റ് ജീവനക്കാരിലും ജീവിത ശൈലീ രോഗങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തിയത്.
അധ്യാപകര്‍ നല്ല ജീവിതശൈലി പിന്തുടരുന്നതാണ് ജീവിതശൈലീ രോഗങ്ങള്‍ വളരെ കുറയുന്നതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. വ്യായാമം, ചിട്ടയായ ആഹാര ക്രമം എന്നിവ കൃത്യമായി ചെയ്യുന്നതായും ക്യാമ്പിന്റെ ഭാഗമായി നടത്തിയ കൗണ്‍സലിംഗില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു.
സ്‌കൂളിലെ 200 ഓളം ജീവനക്കാര്‍ക്ക് വേണ്ടിയാണ് ജീവിതശൈലി രോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സൗഹൃദ തൊഴിലിടം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായാല്‍ മാനസിക സമര്‍ദ്ദം കുറച്ച്  ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍  ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ബി അഷറഫ്, പ്രിന്‍സിപ്പാള്‍ മുഹമ്മദലി, ഹെഡ്മാസ്റ്റര്‍ കുസുമ ജോണ്‍, പിടിഎ പ്രസിഡന്റ് സി ഹസൈനാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍, എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഫീസ് ഷാഫി, കെ എസ് രാജേഷ്, ജെപിഎച്ച് നഴ്സുമാരായ ജലജ, കൊച്ചുറാണി, മഞ്ജുഷ, സബീന, ആശമോള്‍ ആശ പ്രവര്‍ത്തകരായ ശശികല, ഭവാനി, നൂര്‍ജഹാന്‍, ഷര്‍മ്മിള, അംബിക എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.