കാക്കനാട്: ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്നു. മാസത്തിൽ ഒരു ദിവസം ഈ കമ്മറ്റി കൂടാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് ആയിരിക്കും ഇനിയുള്ള യോഗങ്ങളുടെ മേൽനോട്ടം വഹിക്കുക. സർക്കാർ ഉത്തരവ് പ്രകാരം ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുള്ള ടൂറിസം പദ്ധതികൾ, ബോട്ടിംഗ്, പാർക്കിംഗ് സൗകര്യങ്ങൾ, ശുചിമുറികൾ, ഉദ്യാനം, ഭക്ഷണശാലകൾ തുടങ്ങിയ സേവനങ്ങൾ എന്നിവയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനമാണ് കമ്മറ്റി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ ടൂറിസം പ്രമോഷൻ ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കേണ്ടത്.

ആന്റണി ജോൺ എംഎൽഎ, കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ഡാനിയേൽ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കമലമ്മ ഡി, ഡിടിപിസി സെക്രട്ടറി വിജയകുമാർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ ചാർജ് ബിജി എൻ.എൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബേസിൽ പോൾ, അസിസ്റ്റന്റ് എൻജിനീയർ പി.ജെ ജേക്കബ്, തുണ്ടത്തിൽ ഫോറസ്റ്റ് റീജിയണൽ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് റാഫി കെ.എം, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണൻ ടി.കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.