കാക്കനാട്: ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല പ്രശ്നോത്തരി ആവേശമുയർത്തി. ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരമാണ് പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും ശ്രദ്ധേയമായത്. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ നടന്ന പ്രശ്നോത്തരിയിൽ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള അറുപതോളം പേരാണ് പങ്കെടുത്തത്.
25 ചോദ്യങ്ങളുണ്ടായിരുന്ന യോഗ്യതാ റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. കല, സാഹിത്യം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയ 50 ചോദ്യങ്ങളാണ് ഫൈനൽ റൗണ്ടിൽ ചോദിച്ചത്. വാശിയേറിയ മത്സരത്തിൽ ജില്ലാ രജിസ്ട്രാർ ഓഫീസിലെ ഗിബ്സൺ ലൂയിസ്, പി.ഐ.വർഗീസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും പെരുമ്പാവൂർ സബ് ട്രഷറിയിലെ കെ.എൻ.കുമാരൻ രണ്ടാം സ്ഥാനവും നേടി.
കേരള ഹൈക്കോടതിയിലെ ധന്യാരാജൻ, വി.എൻ.രാധികാ ദേവി എന്നിവരടങ്ങിയ ടീമിനാണ് മൂന്നാം സ്ഥാനം. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും സാഹിത്യ കാരനുമായ ശ്രീകുമാർ മുഖത്തല മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്ക് ഈ മാസം 7 ന് നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന വേദിയിൽ വച്ച് ഉപഹാരം നൽകും.