സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന അനുവദിക്കുന്ന കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷ നവംബർ 15വരെ നൽകാം. നിർദിഷ്ട ‘സി’ ഫോറത്തിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വരുമാന സർട്ടിഫിക്കറ്റ്, കർഷകൻ അല്ലെങ്കിൽ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും അപേക്ഷയുടെ ഒരു പകർപ്പും നിശ്ചിത രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും ഉൾപ്പെടുത്തണം.

അപേക്ഷയിൽ ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി വയ്ക്കണം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ സമർപ്പിക്കണം), തൊഴിൽ കൃഷിയാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ), മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് തെളിയിക്കുന്ന രേഖയോ അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പോ വയ്ക്കണം.

കൂടാതെ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബാങ്കിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന ബാങ്ക്പാസ് ബുക്കിന്റെ പകർപ്പ്/ ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പാ എന്നെടുത്തു തുടങ്ങിയ വിവരങ്ങൾ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപൂർണ്ണമായതും മുഴുവൻ രേഖകളില്ലാത്തതുമായ അപേക്ഷകൾ നിരസിക്കും.