ഇതരസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ‘സേഫ് കോറിഡോര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാട് ജില്ലയിലൂടെയുള്ള തീര്‍ത്ഥാടകയാത്ര സുരക്ഷിതമാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റോട്ടറി ക്ലബ് പാലക്കാട് ഈസ്റ്റുമായി സഹകരിച്ച് നടത്തുന്ന പദ്ധതി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ പട്രോള്‍ വാഹനങ്ങള്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ഫ്‌ളാഗ് ഓഫ് ചെയ്തു.

അപകടങ്ങള്‍ ഒഴിവാക്കുക, തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് വാഹനങ്ങളാണ് ശബരിമല മണ്ഡലപൂജ കാലയളവില്‍ പാലക്കാട് വഴി കടന്നുപോകുന്നത്. മറ്റു സംസ്ഥാനത്തു നിന്നും കേരളത്തിലേക്കെത്തുന്ന 40 ശതമാനം വാഹനങ്ങളും പാലക്കാട് ജില്ലയിലൂടെയാണ് പ്രവേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവിഷ്‌കരിച്ച സേഫ് കോറിഡോര്‍ പദ്ധതി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്യുന്നു.

ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇതരസംസ്ഥാന വാഹന യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച മോട്ടോര്‍ വാഹന വകുപ്പിനെയും പദ്ധതിയുമായി സഹകരിക്കുന്ന റോട്ടറി ക്ലബ്ബിനെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. പദ്ധതിക്കായി മണപ്പുള്ളിക്കാവ് റോട്ടറി ക്ലബ്ബ് ഹാളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമും ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം സുരേഷ്, ആര്‍ ടി ഒ എന്‍.കെ. ശശികുമാര്‍, ആര്‍ ടി ഒ (എന്‍ഫോഴ്‌സ്‌മെന്റ്) പി. ശിവകുമാര്‍,  റോട്ടറി ക്ലബ് ഭാരവാഹികളായ ഭാസ്‌കര്‍ ടി.നായര്‍, എന്‍.സി. കൃഷ്ണന്‍, നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ സംസാരിച്ചു.

തീര്‍ത്ഥാടകര്‍ക്കായി ആംബുലന്‍സ് മുതല്‍ ബദല്‍വാഹന സൗകര്യങ്ങള്‍ വരെ;
9496613109 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബോര്‍ഡുകളും

പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ അതിര്‍ത്തിയായ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ 24 മണിക്കൂറും പട്രോളിങ് നടത്തും. യാത്രയ്ക്കിടയില്‍ തകരാറിലാകുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കാനുള്ള സൗകര്യവും ഒരുക്കും. ആവശ്യമെങ്കില്‍ മറ്റു വാഹനസൗകര്യം ഏര്‍പ്പാടാക്കി നല്‍കും. ഇതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം ദേശീയപാതയിലെ മണപ്പുള്ളിക്കാവ് റോട്ടറി ക്ലബ്ബ് ഹാളില്‍ താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ് മെന്റ് വിഭാഗം മണപ്പുള്ളിക്കാവ് റോട്ടറി ക്ലബ് കെട്ടിടത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം ഉദ്ഘാടനത്തിന്റെ ഭാഗമായി രജിസ്റ്ററില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ആശംസ രേഖപ്പെടുത്തുന്നു.

ആംബുലന്‍സ്, റിക്കവറി വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പ് എന്നീ സൗകര്യങ്ങളും ആവശ്യമായാല്‍ ബദല്‍വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കും. ദേശീയപാതയില്‍ വാളയാര്‍ – വാണിയംപാറ, ഗോപാലപുരം- പാലക്കാട്, ഗോവിന്ദപുരം – വടക്കാഞ്ചേരി, പാലക്കാട് -ഒറ്റപ്പാലം -പട്ടാമ്പി എന്നീ പാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9496613109 പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാളയാര്‍ ടോള്‍ ഗേറ്റില്‍ ശബരിമല യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയെ കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. ക്യാമറ ഇല്ലാത്ത ഭാഗങ്ങളില്‍ ഇന്റര്‍സ്‌പെക്ടര്‍ ഉപയോഗിച്ച് അമിതവേഗത പരിശോധന നടത്തും. മുന്‍വര്‍ഷങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി സേഫ് കോറിഡോര്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.