മികച്ച കലാകാരന്മാരെ ലഭിച്ചത് സ്‌കൂള്‍ കലോത്സവങ്ങളിലൂടെ- രാജു എബ്രഹാം എം.എല്‍.എ
പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. റാന്നി എം.എസ്.എച്ച്.എസ്.എസില്‍ രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചതോടെയാണ് നാലുദിവസത്തെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞത്.  ജില്ലാ  സ്‌കൂള്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയാണ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്.
സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് നമ്മുടെ നാടിനു മികച്ച കലാകാരന്മാരെ ലഭിച്ചതെന്നു എംഎല്‍എ പറഞ്ഞു. കലാപരിപാടികളുടെ ശോഭ നഷ്ടപ്പെടുത്തുന്നതു വൈകിത്തുടങ്ങുന്നതു കാരണമാണ്. അതിനാല്‍ പരിപാടികള്‍ കൃത്യസമയത്ത് നടത്താനും ഗ്രീന്‍ പ്രോട്ടോക്കോള്‍ ക്യാമ്പസില്‍ പാലിക്കാനും കമ്മിറ്റിയംഗങ്ങളോട് എംഎല്‍എ നിര്‍ദേശിച്ചു.
കലാമത്സരങ്ങളുടെ ഉദ്ഘാടനം ഫോക്‌ലോര്‍ അക്കാഡമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ നിര്‍വഹിച്ചു. ഓരോ കുരുന്നിന്റെയും മുഖത്തു നിന്നും പിരിമുറുക്കത്തിന്റെ ബുദ്ധിമുട്ടുകള്‍ കാണാന്‍ സാധിക്കുന്നത് കലോത്സവ വേദികളിലാണ്. അത് കലോത്സവങ്ങളുടെ പ്രത്യേകതയാണെന്നും മത്സരങ്ങളെ കച്ചവടവല്‍ക്കരിക്കുമ്പോഴാണ് മികച്ച കലാകാരന്മാരെ നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനിടെ കാഴ്ചക്കാരെ പാട്ടുപാടി കയ്യിലെടുക്കാനും അദ്ദേഹം മറന്നില്ല. ‘ആദിയില്ലല്ലോ അന്തമില്ലല്ലോ ആക്കാലം പോയ് ആ യുഗത്തില്‍ … ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ അക്കാലം പോയ് ആ യുഗത്തില്‍… ‘ എന്ന നാടന്‍ പാട്ടും അദ്ദേഹം പാടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. റാന്നി  ക്നാനായ അധിഭദ്രാസനം മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഇവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.  റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാമധു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജി കണ്ണന്‍, കേരളാ പി.എസ്.സി മെമ്പര്‍ റോഷന്‍ റോയി മാത്യു, റാന്നി എം.എസ്.എച്ച്.എസ്.എസ് മാനേജര്‍ സഖറിയാ സ്റ്റീഫന്‍, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി അജി, സ്ഥിരം സമിതി അധ്യക്ഷരായ ജെ.സബിദ, സി.എന്‍ ഗോപിനാഥന്‍ നായര്‍, സുമ വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.ജി വേണുഗോപാല്‍, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍ ജീജാ, വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ സജി ഇടിക്കുള, റാന്നി എ.ഇ.ഒ: സുധാമണി, റാന്നി എം.എസ്.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം.ജെ. മനോജ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ. ശാന്തമ്മ, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സജി അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കലോത്സവത്തിന്റെ പതാക ഉയര്‍ത്തല്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ നിര്‍വഹിച്ചു.