അങ്കമാലി: കുടുംബങ്ങളുടെ വിവരശേഖരണത്തിനായി അംഗനവാടി പ്രവര്‍ത്തകര്‍ സ്മാര്‍ട്ട്‌ഫോണുകളുമായി ഭവനങ്ങളിലേക്ക്. ദേശീയ പോഷകാഹാര മിഷന്റെ ഭാഗമായി അംഗനവാടികള്‍ മുഖേന നല്‍കി വരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്താകമാനം കോം കെയര്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (CAS) ഉപയോഗിച്ച് ഗുണഭോക്താക്കളുടെ വിവരശേഖരണം ആരംഭിച്ചു. വനിത, ശിശുവികസനവകുപ്പ് ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടി വര്‍ക്കമാര്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. ഫോണുകളുടെ ഉപയോഗം, സര്‍വ്വേ വിവരങ്ങള്‍ സൂക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് പരിശീലനപരിപാടിയും സംഘടിപ്പിച്ചു.

അങ്കമാലി ബ്ലോക്കിലെ 202 അംഗനവാടി വര്‍ക്കര്‍മാരും സ്മാര്‍ട്ട് ഫോണുമായി സര്‍വ്വേ ആരംഭിച്ചു. സര്‍വ്വേയുടെ ബ്ലോക്ക്തല ഉദ്ഘാടനം മൂക്കന്നൂര്‍ ചൂളപ്പുര അംഗനവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വര്‍ഗ്ഗീസ്, ഗ്രേസ്സി റാഫേല്‍, വാര്‍ഡ് മെമ്പര്‍മാരായ മോളി വിന്‍സെന്റ്,കെ.വി ബിബീഷ് ശിശുവികസന പദ്ധതി ഓഫീസര്‍ എന്‍.ദേവി, സൂപ്പര്‍വൈസര്‍ ടി.എ. മനീഷ, വര്‍ക്കര്‍ എം.ജെ സിജി എന്നിവരോടൊപ്പം മുന്‍പഞ്ചായത്ത് പ്രസിഡന്റ് എം.പി.പൗലോസ് മാടശ്ശേരിയുടെ വീട് സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.