കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2018-19 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.
2018-19 സാമ്പത്തിക വർഷത്തിൽ സിയാൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുൻസാമ്പത്തിക വർഷത്തിൽ ഇത് 553.41 കോടി രൂപയായിരുന്നു. 166.92 കോടി രൂപയാണ് ലാഭം. 27% ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 30 രാജ്യങ്ങളിൽ നിന്നായി 19,000-ൽ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വർഷമാണിത്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. സംസ്ഥാന സർക്കാരിന് 32.41 % ഓഹരിയുണ്ട്.

ഇതനുസരിച്ച് 2018-19 സാമ്പത്തികവർഷം സർക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം ലഭിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിൽ 31 കോടി രൂപവീതം സർക്കാരിന് ലഭിച്ചിരുന്നു. സർക്കാർ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് 2018-19 സാമ്പത്തിക വർഷത്തോടെ മുടക്കുമുതലിന്മേൽ ലഭിച്ച മൊത്തം ലാഭവിഹിതം 255 % ആയി ഉയർന്നു. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷത്തിലും സിയാൽ ഒരുകോടിയിലധികം പേർ സിയാലിലൂടെ യാത്രചെയ്തു.2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തിൽ 17.52% വർധനവ് സിയാൽ നേടിയിട്ടുണ്ട്.

സിയാൽ ഡ്യൂട്ടിഫ്രീ ആന്റ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100 % ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറക്ടർബോർഡ് അംഗങ്ങളായ മന്ത്രി ഡോ.തോമസ് ഐസക്, റോയ് കെ.പോൾ, എ.കെ.രമണി, എൻ.വി.ജോർജ് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് എന്നിവർ പങ്കെടുത്തു.