കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എച്ച്.എം.ടിയുടെ ഭൂമിക്ക് തുക അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ തുക അനുവദിക്കും. 16 കോടി രൂപയാണ് എച്ച്എംടിക്ക് നല്‍കേണ്ടത്. നാല് ഏക്കര്‍ ഭൂമിയാണ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

നേവിയുടെ ആയുധ ഡിപ്പോയായ നേവല്‍ ആര്‍മമെന്റ് ഡിപ്പോ (എന്‍എഡി) യുടെ ആറേക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ എന്‍എഡിക്കു സമീപത്ത് ഫ്‌ളൈഓവര്‍ നിര്‍മ്മിച്ച് നല്‍കുകയോ റോഡ് വീതി കൂട്ടി രണ്ടുവരിയാക്കുകയോ ചെയ്യണമെന്ന വ്യവസ്ഥയാണ് നേവി മുന്നോട്ട് വെച്ചത്. ഇതില്‍ റോഡ് വീതി കൂട്ടി രണ്ടു വരിയാക്കാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു. റോഡ് വികസിക്കുന്നതോടെ ട്രാഫിക് വര്‍ധിക്കുകയും നേവിക്ക് ഡിപ്പോയിലേക്കെത്താന്‍ ബുദ്ധിമുട്ടാകുമെന്ന് നേവി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനാണ് റോഡ് രണ്ടു വരിയാക്കുന്നത്.

എന്‍എഡി ജനറല്‍ മാനേജര്‍ കൈലാസം രാജ, കമാന്‍ഡന്റ് മനീഷ് സിംഗ്, എച്ച്എംടി ജനറല്‍ മാനേജര്‍ എസ്. ബാലമുരുഗേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.