അയ്മനത്തെ ചീപ്പുങ്കല്‍ വിനോദസഞ്ചാര മേഖലയില്‍ സന്ദര്‍ശകര്‍ക്കായി ഇനി സഞ്ചരിക്കുന്ന ശുചിമുറിയും. സ്ഥിരം ടോയ്ലറ്റുകള് സ്ഥാപിക്കാനുള്ള സ്ഥല ദൗര്‍ലഭ്യം കണക്കിലെടുത്താണ് അയ്മനം പഞ്ചായത്ത് സഞ്ചരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ന്(ഡിസംബര്‍ 17) വൈകുന്നേരം അഞ്ചിന് ടൂറിസം – സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും.
സൗരോര്‍ജ്ജമുപയോഗിച്ചാണ് ശുചിമുറി പ്രവര്‍ത്തിക്കുക. നാല് ടോയ്ലറ്റുകള്, രണ്ട് യൂറിനലുകള്‍, രണ്ട് കുളിമുറികള്‍, രണ്ട് വാഷ് ബേസിനുകള്‍ എന്നിവയാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മാലിന്യ സംസ്കരണം.
ആയിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കും 1300 ലിറ്റര്‍ ശേഷിയുള്ള മാലിന്യ ടാങ്കുമുണ്ട്. സെന്‍സര്‍ ടാപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വെള്ളം അനാവശ്യമായി ചിലവാകുന്നത് ഒഴിവാക്കാനാകും. വാഹനത്തെ ജി.പി.എസ് മുഖേന ട്രാക്ക് ചെയ്യാനും സാധിക്കും. പത്തു ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.