നിര്‍ഭയ ദിനമായ ഡിസംബര്‍ 29ന് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് (ഡിസംബര്‍ 24) മുതല്‍ ജനുവരി 31 വരെ പ്രത്യേക രാത്രികാല സുരക്ഷാ പരിപാടികള്‍ നടത്തും. രാത്രികാല ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി നടപ്പിലാക്കുന്ന സുരക്ഷിത പദ്ധതിയുടെ ഭാഗമായി വനിതാ പോലീസുദ്യോഗസ്ഥരും സ്ത്രീ വോളണ്ടിയര്‍മാരും അടങ്ങുന്ന സുരക്ഷാ ടീമുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാകും പട്ടണം.
സ്ത്രീകള്‍ മാത്രം അടങ്ങുന്ന സുരക്ഷാ ടീമുകള്‍ക്ക് കരുത്തുപകര്‍ന്ന് പിങ്ക് പട്രോളും കണ്ട്രോള് റൂം വാഹനങ്ങളും രംഗത്തിറങ്ങും. ആദ്യഘട്ടത്തില്‍ ചിന്നക്കട-കെ.എസ്.ആര്.റ്റി.സി ജംഗ്ഷന്, ആശ്രാമം-ചിന്നക്കട, ചിന്നക്കട-ചാമക്കട മാര്‍ക്കറ്റ് ഭാഗം-താമരക്കുളം-ബീച്ച്, കൊല്ലം ബീച്ചും പരിസര പ്രദേശങ്ങളും എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ച് പരിശോധന നടത്തും.
വനിതാ പോലീസുദ്യോഗസ്ഥരും നിര്‍ഭയ വോളണ്ടിയര്‍മാര്‍ അടക്കമുളള സ്ത്രീ വോളണ്ടിയര്‍മാര്‍ അടങ്ങുന്ന വിവിധ ടീമുകള്‍ രാത്രി എട്ടു മുതല്‍ രണ്ടു വരെ നഗരത്തില്‍ തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്, വിവിധ ആഘോഷ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെത്തും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ പിടികൂടാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
ജനുവരി 31 വരെ പരീക്ഷണാടിസ്ഥാനത്തില്‍ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളുടെ മാതൃകയില്‍ കൊല്ലത്തും വനിതകള്‍ക്ക് സുരക്ഷിതമായ രാത്രിയാത്ര ഒരുക്കുകയാണ് ലക്ഷ്യം. സിറ്റി പൊലിസ് കമ്മീഷണര്‍ പി.കെ. മധുവിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല എ.സി.പി. പ്രതീപ് കുമാറിനാണ്.
അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ – പിങ്ക് കണ്ട്രോള് റൂം -1515, ക്രൈം സ്റ്റോപ്പര്‍ – 1090, പോലീസ് കണ്ട്രോള് റൂം – 112, സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് – 0474-2742265, എ.സി.പി, കൊല്ലം – 9497990025, കൊല്ലം ഈസ്റ്റ് – 9497987030.