കൊച്ചി :അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും വ്യവസായങ്ങളുടെ വളർച്ചയ്ക്കും സംരംഭകർക്ക്
സർക്കാർ പൂർണ പിന്തുണ നൽകുമെന്ന്
വ്യവസായ കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജൻ . കൊച്ചി ലുലു ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കുന്ന
അസെൻഡ് 2020 നിക്ഷേപക സംഗമത്തോടനുബന്ധിച്ച്
വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്സ്, എം. എസ്. എം. ഇ തുടങ്ങിയവയെക്കുറിച്ച് നടന്ന പാനൽ ചർച്ചയിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ സംരംഭകർക്കായി നൂറോളം വ്യവസായ പദ്ധതികൾ തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. സംരംഭകർക്ക് സാധ്യതകളുടെയും സ്വന്തം സങ്കൽപ്പങ്ങളുടെയും അടിസ്ഥാനത്തിൽ അനുയോജ്യമായ ആശയം സ്വീകരിച്ച് സംരംഭം തുടങ്ങാം.
സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാൻ വൃക്തികൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും. നഗരത്തിൽ 15 ഏക്കറും ഗ്രാമത്തിൽ 25 ഏക്കറും ഭൂമിയുള്ളവർക്കാണ് സഹായമെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായങ്ങളാരംഭിക്കാനുള്ള എല്ലാ അനുമതിയും ഒരു കുടക്കീഴിലാക്കിയ
ഏകജാലക സംവിധാനം പോലുള്ളവ മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കിയതായി ചർച്ചയിൽ മോഡറേറ്ററായിരുന്ന കെ. എം. ആർ. എൽ എം.ഡി അൽകേഷ് കുമാർ ശർമ അഭിപ്രായപ്പെട്ടു. കോയമ്പത്തൂർ – കൊച്ചി അടക്കുള്ള വ്യവസായ ഇടനാഴികൾ സംസ്ഥാനത്തിന് വലിയ നേട്ടമാകുമെന്ന് ഫിക്കി കേരള സ്‌റ്റേറ്റ് കൗൺസിൽ ഉപാദ്ധ്യക്ഷൻ ദീപക് എൽ അസ്വാനി പറഞ്ഞു.
വ്യവസായങ്ങൾക്കായുളള സ്ഥലം ഏറ്റെടുക്കൽ ലളിതമാക്കിയതിനും, വ്യവസായ പാർക്കുകൾ പോലുള്ള പദ്ധതികളിലൂടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കിയതിനും സർക്കാരിനെ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്എം ഖാലിദ് പ്രശംസിച്ചു.
എല്ലാ വ്യവസായങ്ങളുടെയും മികച്ച വിജയത്തിന് ലോജിസ്റ്റിക് കൈകാര്യം ചെയ്യുന്നതിലെ വൈഭവം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട ഡിപി വേൾഡ് ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് വിഭാഗം സി ഇ ഒ രഞ്ജിത്ത് റേ ഈ മേഖലയിലെ സാധ്യതകളെയും വികസനത്തെയും പറ്റി വിശദീകരിച്ചു.
കേരളത്തിന് ലഭിക്കുന്ന വ്യവസായ ഇടനാഴികൾ സംസ്ഥാന ത്തിൻറെ നിർമ്മാണമേഖലയിലെ വിഹിതവും ജി. ഡി. പി യും വർദ്ധിക്കാൻ സഹായിക്കുമെന്ന്
കെ. പി. എം. ജി. ഇന്ത്യ പാർട്ണർ കെ. ജയകൃഷ്ണണൻ അഭിപ്രായപ്പെട്ടു.
ലോജിസ്റ്റിക് രംഗത്തെ വികസനം സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ വളർച്ചക്ക് വഴിയൊരുക്കുമെന്ന് വ്യവസായ
വകുപ്പ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ ഇളങ്കോവൻ
ഐ എ എസ് അഭിപ്രായപ്പെട്ടു.