പത്തനംതിട്ട: നെല്‍കൃഷിക്ക് ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം പത്തനംതിട്ട ജില്ലയില്‍ വളപ്രയോഗം നടത്തി. കൊടുമണ്‍ കൃഷിഭവന്റെ പരിധിയിലുള്ള അങ്ങാടിക്കല്‍ കൊന്നക്കോട് ഏലായിലെ 12 ഏക്കര്‍ സ്ഥലത്താണു വളപ്രയോഗത്തിനു ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചത്.
ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാസ്യം നൈട്രേറ്റ് എന്ന വളവും സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ബോറോണ്‍ എന്നീ സൂക്ഷ്മ പോഷകങ്ങളുമാണു ലായനി രൂപത്തില്‍ ഡ്രോണിലൂടെ തളിച്ചത്. പാടശേഖരത്ത് എല്ലായിടത്തും ഒരുപോലെ തളിക്കാം എന്നതും സ്പ്രേ ഉപയോഗിച്ച് തളിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണെന്നതും ഈ സാങ്കേതിക വിദ്യയിലേക്കു ശ്രദ്ധതിരിയാന്‍ കാരണമായത്.
ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതിലൂടെ വിളവില്‍ 25 ശതമാനംവരെ വര്‍ധനയാണു പ്രതീക്ഷിക്കുന്നതെന്നു കൊടുമണ്‍ കൃഷി ഓഫീസര്‍ ആദില പറഞ്ഞു. ഏക്കറിന് 500 മുതല്‍ 800 കിലോഗ്രാം വരെ അധിക വിളവാണു പ്രതീക്ഷിക്കുന്നത്. ഏക്കറിന് സാധാരണ വിളവായ 2000 കിലോഗ്രാമില്‍ നിന്ന് 2500 മുതല്‍ 2800 കിലോഗ്രാം വരെ അധിക വിളവാണു പ്രതീഷിക്കുന്നത്. ഒരു ഏക്കറില്‍ ഡ്രോണ്‍ ഉപയോഗിച്ച് തളിക്കുന്നതിന് 800-900 രൂപയാണ് ചെലവ്. ഒരു ഏക്കര്‍ ഭൂമിയില്‍ തളിക്കാന്‍ 10 മിനിറ്റ് സമയം മതി.
കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റിയാണു കൊന്നക്കോട് വിനിലിന്റെ ഉടമസ്ഥതയിലുള്ള 12 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എറണാകുളം കാക്കനാടുള്ള റോവോ നൈസ് എന്ന കമ്പനിയാണു ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തിയത്. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് ഡ്രോണ്‍ സാങ്കേതിക വിദ്യയിലൂടെ ഉണ്ടായിരിക്കുന്നത്.