ഇടുക്കി: പട്ടയമുള്ള കൈവശഭൂമിയുടെ കരം വില്ലേജ് ഓഫീസര്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ചിന്നക്കനാലില്‍  വില്ലേജ് ഓഫീസര്‍ കരം സ്വീകരിക്കുന്നല്ലെന്ന കോളനി നിവാസികളുടെ പരാതി ജില്ലാ ആദിവാസി പുരനധിവാസ മിഷന്‍ യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചപ്പോഴാണ് കലക്ടര്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചത്.

ആദിവാസി പുരനധിവാസ മിഷന്‍ പദ്ധതി പ്രകാരം ലഭിച്ച വീടുകളില്‍ താമസിക്കാത്തതും പദ്ധതി ലക്ഷ്യത്തിന് ഭിന്നമായി ഉപയോഗിക്കുന്നവരുടെയും പട്ടയം പരിശോധിച്ച് റദ്ദാക്കുന്നതിന് ഫെബ്രുവരി 28നകം പുതുക്കിയ ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കണമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടിക ലഭിച്ചാല്‍ മാര്‍ച്ച് മൂന്നിന് വനം വകുപ്പിനെക്കൂടി പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന് താമസമില്ലാത്തവരുടേയും വീടും സ്ഥലവും പാട്ടത്തിനുനല്‍കിയ ഗുണഭോക്താക്കളുടേയും പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കും.

താമസിക്കുന്നിടത്തല്ലാത്ത റവന്യു  സ്ഥലത്ത് രേഖകളില്ലാതെ കൃഷി ചെയ്ത് വരുന്നവര്‍ക്ക് വീടിന്നടുത്ത് കൃഷിഭൂമി  ലഭ്യമാക്കണമെന്ന കോളനി നിവാസികളുടെ ആവശ്യം സ്ഥിതി വിലയിരുത്തി പരിഗണിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. വീടും കൃഷിയും രണ്ടിടങ്ങളിലാകുന്നത് വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനും ജീവന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പരാതിപ്പെട്ടു.

കുണ്ടളക്കുടിയില്‍ പട്ടയം അനുവദിച്ചിട്ടും പട്ടയം സ്വീകരിക്കാതിരുന്നവര്‍ക്ക് ഭൂമി നിലവില്‍ കൈവശമുണ്ടെങ്കില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കാന്‍ തഹസീല്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.

ചിന്നക്കനാല്‍ വില്ലേജിലെ പന്തടിക്കളം, 80 ഏക്കര്‍, സിങ്കുങ്കണ്ടം 301 , സൂര്യനെല്ലി വിലക്ക് എന്നീ 5 കോളനികളിലായിട്ടാണ് ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ളത്. ആകെ 708 പട്ടയം വിതരണം ചെയ്യുകയും 551 പേര്‍ക്കു ഭൂമി നല്കിയിട്ടുണ്ട്. 80 ഏക്കര്‍ കോളനിയില്‍ 2.5 ഏക്കറും ബാക്കിയുള്ളതില്‍ ഒരു ഏക്കറും വീതം 810 ഏക്കര്‍ ഭൂമിയാണ് നല്കിയത്. അടുത്ത ജില്ലാ ആദിവാസി പുരനധിവാസ മിഷന്‍ യോഗം മാര്‍ച്ച് 19 രാവിലെ 11 കലക്ട്രേറ്റില്‍ ചേരുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ സാബു കെ ഐസക്, ജില്ലാ പ്ലാനിംഗ്  ഓഫീസര്‍ കെകെ ഷീല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സന്തോഷ്, നിര്‍മിതി കേന്ദ്രം ജില്ലാ പ്രോജക്ട് എഞ്ചിനീയര്‍ ബിജു എസ്, തുടങ്ങിയവര്‍ പങ്കെടുത്തു.