തൃശ്ശൂർ: ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങളായി 600ലധികം ചാവക്കാട്ടുകാർ. ഇതിലൂടെ പ്രകൃതിക്ഷോഭം അടക്കമുളള ദുരന്തങ്ങൾ നേരിടാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങുകയാണ്. ദുരന്ത മുഖത്തെ നേരിടാൻ വാർഡ് തലത്തിൽ ആളുകളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങളെ ഒരുക്കുകയാണ്.
ചാവക്കാട് നഗരസഭ രൂപീകരിച്ച വാർഡ്തല ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങൾക്കുളള ഏകദിന പരിശീലനം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്നു. നഗരസഭാ അധ്യക്ഷൻ എൻ. കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭയിലെ 32 വാർഡുകളിൽ നിന്ന് വാർഡ്സഭ മുഖേന തെരഞ്ഞെടുത്ത റിസോഴ്സ് അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഒരു വാർഡിൽ നിന്ന് 20 പേരെ ലോക്കൽ റിസോഴ്സ് അംഗങ്ങളായി ചുമതലപ്പെടുത്തി. കില റിസോഴ്സ് പേഴ്സൺ കെ. എ രമേഷ്കുമാർ, അജിത ബാബുരാജ് എന്നിവർ പരിശീലനം നൽകി.
നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ബി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എച്ച് സലാം, എ എ മഹേന്ദ്രൻ, സബൂറ ബക്കർ, എ. സി ആനന്ദൻ, നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.