ഗവർണർ ഉദ്ഘാടനം ചെയ്തു
വൈവിധ്യങ്ങൾക്കിടയിലെ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും അറിവിന്റെയും വിവേകത്തിന്റെയും പാരമ്പര്യമാണ് ഇന്ത്യൻ സംസ്കാരത്തെ നയിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നെഹ്റു യുവകേന്ദ്ര സംഘടന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കശ്മീരി യുവജന വിനിമയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ദേശീയ വൈസ് ചെയർമാൻ എസ്. വിഷ്ണുവർധൻ റെഡ്ഢി, സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടർ എൻ.എസ്. മനോരഞ്ജൻ, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ബി. അലി സാബ്രിൻ തുടങ്ങിയവർ സംബന്ധിച്ചു. കശ്മീരിൽ നിന്നുള്ള 18 മുതൽ 22 വയസ് വരെ പ്രായമുള്ള 132 യുവാക്കളാണ് യുവജന വിനിമയ പരിപാടിയുടെ ഭാഗമായി കേരള സന്ദർശനത്തിനെത്തിയത്. 23 മുതൽ 28 വരെയാണ് പരിപാടി.
അനന്ത്നാഗ്, കുപ്വാര, ബാരാമുള്ള, ബുഡ്ഗാം, ശ്രീനഗർ, പുൽവാമ ജില്ലകളിൽനിന്നുള്ളവരാണ് എത്തിയിട്ടുള്ളത്. ഇവർ സാംസ്കാരികവും ചരിത്രപരവുമായി പ്രാധാന്യമുള്ള തിരുവനന്തപുരത്തെ സ്ഥലങ്ങൾ സന്ദർശിക്കും. പ്രമുഖരുമായുള്ള കൂടിക്കാഴ്ച, ആശയവിനിമയം, ഗ്രാമസന്ദർശനം, കേരളത്തിലെയും കശ്മീരിലെയും പാരമ്പര്യകലകളുടെ അവതരണം, യുവജനക്ലബ് പ്രതിനിധികളുമായി ആശയവിനിയമയം തുടങ്ങിയവ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ഐക്യവും അഖണ്ഡതയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് യുവാക്കൾക്കായി വിനിമയ പരിപാടി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ വിനോദസഞ്ചാരം, ഭക്ഷണം, സംസ്കാരം, കരകൗശവസ്തുക്കൾ തുടങ്ങിയവയുടെ അറിവിന്റെ വിനിമയവും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. ഉദ്ഘാടനചടങ്ങിനുശേഷം കശ്മീരി കലാപരിപാടികളും അരങ്ങേറി.