തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയാൽ ഇനി പരാതി മാത്രമല്ല, നല്ല ഭക്ഷണവും കഴിക്കാം. പൊതുജനങ്ങൾക്കും പരാതിക്കാർക്കും മിതമായ നിരക്കിൽ മായം കലരാത്ത ഭക്ഷണം നൽകാൻ സ്റ്റേഷനിൽ കാന്റീൻ ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂർ പോലീസ്. സ്റ്റേഷനിലെ പൊലീസുകാർക്കായി മുമ്പ് പ്രവർത്തിച്ചിരുന്ന മെസ്സാണ് കാന്റീനായി മാറിയത്. ചുരുങ്ങിയ നിരക്കിൽ ചായയും ചെറുകടിയും ഉച്ചഭക്ഷണവുമുൾപ്പടെയാണ് ഒരുക്കിയിരിക്കുന്നത്.

ഈയിടെ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഷൻ നവീകരിച്ചതിനെ തുടർന്നാണ് കാന്റീൻ എന്ന ആശയം ഉടലെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ പി.കെ പത്മരാജന്റെയും, എസ്.ഐ ഇ.ആർ ബൈജുവിന്റെയും നേതൃത്വത്തിലാണ് കാന്റീൻ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തന മേൽനോട്ടത്തിന് ഊഴമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

വിഭവങ്ങൾ നിശ്ചയിക്കുന്നതും ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതും ഇവരുടെ ചുമതലയാണ്. പോലീസുകാർക്കും പൊതുജനങ്ങൾക്കും നിലവാരമുള്ള ഭക്ഷണം വിളമ്പുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. സ്നേഹത്തോടെ ഭക്ഷണം വിളമ്പാനും പൊലീസുകാർക്ക് കഴിയുമെന്നതിന്റെ നേർസാക്ഷ്യമാവാനാണ് ഇവരുടെ ശ്രമം. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കാന്റീൻ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.