തൃശ്ശൂർ: സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ആഘോഷമാക്കി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
പഞ്ചായത്തിലെ മുഴുവൻ ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്തുതലത്തിലും അതേസമയം പരിപാടികൾ സംഘടിപ്പിച്ചു.
എടത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഭവന പൂർത്തീകരണ പ്രഖ്യാപനവും ഒരുമിച്ചാണ് നടന്നത്. കാളിക്കുട്ടി സ്മാരക ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഭവന പൂർത്തീകരണ പ്രഖ്യാപനം നടത്തി.
പഞ്ചായത്തിലെ 109 ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വി സതീശൻ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, വി ഇ ഒ മനേഷ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ലൈഫ് മിഷൻ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായി പുഴയ്ക്കൽ, ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ ലൈഫ് സംഗമം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ കോലഴി, അവണൂർ, അടാട്ട്, മുളങ്കുന്നത്തുകാവ്, കൈപ്പറമ്പ്, തോളൂർ, ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കടവല്ലൂർ, കടങ്ങോട്, കാട്ടകാമ്പാൽ, ചൊവന്നൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, പോർക്കുളം, വേലൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ലൈഫ് മിഷൻ സംഗമം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാർ, ലൈഫ് മിഷൻ ചുമതലയുള്ള വി ഇ ഒ മാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, ഇളവള്ളി ഗ്രാമപഞ്ചായത്തുകളിലും ഇരിക്കാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മുരിയാട്, കാട്ടൂർ, പറപ്പൂക്കര, കാറളം എന്നീ പഞ്ചായത്തുകളിലുമാണ് കുടുംബ സംഗമവും പ്രഖ്യാപനത്തിന്റെ തത്സമയ പ്രദർശനവും നടന്നത്. സംഗമത്തിൽ ലൈഫ്മിഷൻ ഗുണഭോക്താക്കളും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരും പങ്കെടുത്തു.