തൃശ്ശൂർ: ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച സഞ്ചരിക്കുന്ന പഴം, പച്ചക്കറി വണ്ടി അയ്യന്തോൾ കോർപ്പറേഷൻ ഇ കെ മേനോൻ സ്മാരക പ്രിയദർശിനി ഹാൾ പരിസരത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രാരംഭഘട്ടത്തിൽ നഗരപരിധിയിലെ ഫ്ളാറ്റുകളിലും, റെസിഡന്റ്‌സ് കോളനികളിലൂമാണ് വണ്ടിയുടെ സേവനം ലഭ്യമാവുക. നാല് ദിവസം വരെ കേടാകാതെ ഫ്രഷായി പച്ചക്കറികൾ ഈ വണ്ടിയിൽ സൂക്ഷിക്കാൻ കഴിയും.

സൗരോർജ്ജം വിനിയോഗിച്ചാണ് ഈ വണ്ടിയിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കുക. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രോഡക്ട് ഡെവലെപ്മെന്റ് കോർപ്പറേഷന് വേണ്ടി ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചർ റിസർച്ചാണ് വണ്ടി രൂപകൽപന ചെയ്തത്.