പത്തനംതിട്ട: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ സര്‍ക്കാര്‍-സ്വകാര്യ ആയൂര്‍വേദ ആശുപത്രികളില്‍ പനിയുമായി വരുന്നവരുടെ രേഖകള്‍ സൂക്ഷിച്ച് അതാതു ദിവസം വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ. ജി.വി ഷീലാ മേബിലറ്റ് അറിയിച്ചു. പനി, തുമ്മല്‍, മുക്കൊലിപ്പ്, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കണം. അവര്‍ വിദേശയാത്ര കഴിഞ്ഞവരോ വിദേശത്തുനിന്നു വന്നവരുമായി കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തിടപഴകുകയോ ചെയ്ട്ടുണ്ടെങ്കില്‍  0468 2322515, 0468 2228220 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ ആയൂര്‍വേദ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ആവശ്യമായ ഔഷധങ്ങള്‍ എത്തിക്കുകയും ചെയ്തു.  ഔഷധം സൗജന്യമായി  ആയൂര്‍വേദ ആശുപത്രികള്‍ ഡിസ്പെന്‍സറികള്‍ എന്നിവടങ്ങളില്‍ നിന്ന് ലഭിക്കും.

അപരാജിത ധൂമ ചൂര്‍ണ്ണം അന്തരീക്ഷം അണുവിമുക്തമാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ പകര്‍ച്ചപ്പനിയുള്ള വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ട് ചെയ്യാന്‍ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ക്കായി അതത് സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുക. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പ്രചാരണങ്ങള്‍ വകുപ്പിലെ ജീവനക്കാര്‍ നടത്തരുതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.