ഇടുക്കി: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും ഇടുക്കി ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രോഗബാധ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ബുക്കിംഗുകള്‍ അനുവദിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. ഏത് രാജ്യത്തു നിന്നുള്ള വിനോദസഞ്ചാരികളാണ് എന്നുള്ള വിവരം അവരുടെ പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ഹോട്ടല്‍/റിസോര്‍ട്ട് ഉടമകള്‍ക്കാണ്.
കോവിഡ് 19 ആശങ്ക വേണ്ട, നിരീക്ഷണം മാത്രം
ജില്ലയില്‍ ഏഴ് പേര്‍ കൂടി കോവിഡ് 19 നിരീക്ഷണത്തില്‍. ഒരാള്‍ ഇറ്റലിയില്‍ നിന്നും ആറു പേര്‍ മലേഷ്യയില്‍ നിന്നുമുള്ളവരാണ്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും കഴിയുന്നില്ല. 61 പേരും വീടുകളിലാണ് കഴിയുന്നത്. പൊതുജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റുന്നതിനായി തൊടുപുഴ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തില്‍ തൊടുപുഴ നഗരസഭാ പരിധിയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. പരിപാടിയുടെ ഫ്ളാഗ് ഓഫ് ജില്ലാ ആശുപത്രിയില്‍ തൊടുപുഴ നഗരസഭാ ആക്ടിംഗ് ചെയര്‍മാന്‍ എം.കെ.ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ഡോ. രമേശ് ചന്ദന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.എ.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ എം.ദാസ്, ജെ.എച്ച്.ഐ.മാരായ ബിജു.പി., ഉമ, പി.ആര്‍.ഓ. റോണി, ജെ.പി.എച്ച്.എന്‍. സിന്ധു.എന്‍., ശുഭ എന്നിവര്‍ സംസാരിച്ചു.
കൊറോണ നോഡല്‍ ഓഫീസര്‍ ഡോ.ജോസ്മോന്‍.പി.ജോര്‍ജ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലായെന്നും ജാഗ്രത മതിയെന്നും ഡോക്ടര്‍ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയില്‍ വരേണ്ടതില്ല. അവര്‍ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ- 1056) 04862233130, 04862233111. ഈ നമ്പറുകളില്‍ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉളളവര്‍ കഴിവതും പൊതുപരിപാടികളും പൊതുയാത്രാസംവിധാനങ്ങളും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ചോ, ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ചോ കഴുകേണ്ടതും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കണം. അനാവശ്യമായ ആശൂപത്രി സന്ദര്‍ശനവും രോഗീ സന്ദര്‍ശനവും ഒഴിവാക്കണം.