കാക്കനാട്: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയും സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലെയും പകര്‍ച്ചവ്യാധി ഇതര രോഗികളുടെയും സാന്ത്വനപരിചരണ രോഗികളുടെയും രജിസ്റ്ററുകള്‍ ഡിജിറ്റിലൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഐ.ടി മിഷനാണ് ഇതിന്റെ ചുമതല. ആരോഗ്യകേന്ദ്രങ്ങളിലെ രജിസ്റ്ററുകളുടെ ഫോട്ടോ എടുത്ത് ഐ.ടി മിഷന് കേന്ദ്രങ്ങളിൽ നിശ്ചിത മാതൃകയില്‍ വിവരശേഖരണം നടത്തും.
65 വയസ്സിന് മുകളിലുള്ളവരുടെയും സാന്ത്വനപരിചരണം ആവശ്യമായവരുടെയുമടക്കം ആരോഗ്യരംഗത്തിന്റെ മേല്‍നോട്ടം സംസ്ഥാനതലത്തില്‍ സാധ്യമാക്കുന്നതിനാണ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവരങ്ങളുടെ ഡിജിറ്റലൈസേഷന് നടത്തുന്നത്. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളിലുള്‍പ്പെടെ എല്ലാ ബയോമെട്രിക്ക് അധിഷ്ഠിത സേവനങ്ങളും ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശത്തെതുടര്‍ന്ന് തിരക്ക് കുറവാണ്. ബയോമെട്രിക്ക് അധിഷ്ഠിത സേവനങ്ങള്‍ ഒഴികെ മറ്റെല്ലാ സേവനങ്ങളും അക്ഷയകേന്ദ്രങ്ങളില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനുള്ള മുന്‍കരുതലും ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങളും എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ പഞ്ചായത്ത് തലത്തില്‍ നടത്തുന്ന വിവിധ ക്യാമ്പുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.