എറണാകുളം: എന്നും വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കാണാൻ മാതാപിതാക്കൾക്കൊപ്പം കാത്തിരിക്കും കൊച്ചു മിടുക്കൻ ഇർഫാൻ. കോവിഡ് 19 രോഗം നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യ വകുപ്പും സർക്കാരും ഉൾപ്പടെയുള്ളവർ രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോൾ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നയിരുന്നു ഇർഫാന്റെ ചിന്ത. അവസാനം അവൻ ഉത്തരം കണ്ടെത്തി. സർക്കർ നൽകുന്ന വികലാംഗ പെൻഷൻ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. മാതാപിതാക്കൾ ആയ സക്കീറിനോടും സുനിതയോടും പറഞ്ഞപ്പോൾ അവർക്കും പൂർണ സമ്മതം. അഞ്ചു മാസത്തെ പെൻഷൻ തുകയാണ് കുഞ്ഞു ഇർഫാൻ കളക്ടറേറ്റിൽ നേരിട്ടെത്തി കളക്ടർ എസ്. സുഹാസിന് കൈമാറിയത്. ഏലൂർ പാതാളം സ്വദേശിയായ പതിനാല് വയസ്സുകാരനായ ഇർഫാൻ കളമശേരി വിമുക്തി സ്പെഷ്യൽ സ്കൂളിൽ ആണ് പഠിക്കുന്നത്. കോവിഡിന് മുന്നിൽ തളരാതിരിക്കാൻ കഷ്ടപ്പെടുന്ന തന്റെ നാടിന്റെ നന്മക്ക് തന്നാലാവുന്നത് നൽകണമെന്ന ഇർഫാന്റെ വലിയ ചിന്തയാണ് ഇർഫാന്റെ ഈ പ്രവർത്തി. ദുരിതകാലത്ത് സഹജീവികൾക്ക് കരുതൽ വേണമെന്ന ചിന്ത മറ്റുള്ളവരിലേക്കും എത്തട്ടെ എന്ന് ഇർഫാൻ തീവ്രമായി ആഗ്രഹിക്കുന്നു. ഇർഫാനെ പോലുള്ളവർ ഉള്ളപ്പോൾ ഈ രോഗ കാലവും നമ്മൾ അതിജീവിക്കും എന്നുറപ്പാണ്.